

അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കടുത്ത ആശങ്കയില്‍ പശ്ചിമേഷ്യ. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഗുരുതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്. വിവിധ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളും വിവിധ എയര്‍ലൈനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടന്‍ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെയോ അറബിക്കടല്‍ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി യുഎസ് നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇതിനകം മേഖലയില്‍ സജ്ജമായതായുളള വിവരവും പുറത്തുവന്നു. ദക്ഷിണ ചൈനാ കടല്‍ വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പല്‍ അടുത്ത ദിവസങ്ങളില്‍ അറബിക്കടലില്‍ നങ്കൂരമിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് പശ്ചിമേഷ്യയിലും ആശങ്ക ശകതമായിരിക്കുന്നത്. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ പ്രമുഖ എയര്‍ ലൈനുകള്‍ നിര്‍ത്തിവച്ചു. യുഎഇലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലിയകമായി നിര്‍ത്തിയതായി എയര്‍ ഫ്രാന്‍സ്, കെഎല്‍എം എന്നീ എയര്‍ ലൈനുകള്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലൂടെയുളള സര്‍വീസുകള്‍ സുരക്ഷിതമല്ലെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യയുടെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 12,000 മുതല്‍ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
അതിനിടെ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ചെലവേറിയ യുദ്ധത്തില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാല്‍ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയില്‍ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തല്‍.
Content Highlights: Concerns are rising in West Asia following recent US moves against Iran. Gulf countries have expressed anxiety over the developments, warning that the situation could worsen further. Regional assessments indicate heightened tensions and the possibility of broader instability if the situation escalates.