

പൊതു ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ലെറ്റര്‍ സര്‍വീസിന് തുടക്കം കുറിച്ച് ബഹ്‌റൈന്‍. പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സേവനങ്ങളുടെ സുതാര്യതയും ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങള്‍ക്ക് ലഭ്യമാക്കും.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നവീകരിക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായാണ് ബഹ്‌റൈന്‍ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം പുതിയ ഇന്‍സ്റ്റന്റ് ലെറ്റര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വിസ പുതുക്കല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍, സാമ്പത്തിക രേഖകള്‍, യൂട്ടിലിറ്റി സേവനങ്ങള്‍ക്കുള്ള രേഖകള്‍, വാഹനങ്ങളുടെ കൈമാറ്റ നിയന്ത്രണം നീക്കം ചെയ്യല്‍, കിങ് ഫഹദ് കോസ് വേയിലേക്കുള്ള അനുമതി, തുടങ്ങിയ വിവിധ സേവനങ്ങളാണ് ഇന്‍സ്റ്റന്റ് ലെറ്റര്‍ സര്‍വിസിലൂടെ ലഭ്യമാക്കുന്നത്.
വാണിജ്യ മേഖലക്ക് ഒപ്പം നിയമപരമായ സേവനങ്ങളും ലഭ്യമാകും എന്നതാണ് പ്രത്യേകത. മൈനര്‍ അഫയേഴ്‌സ് അഡ്മിനിസ്‌ട്രേഷന് കീഴിലാണ് ഇന്‍സ്റ്റന്റ് ലെറ്റര്‍ സര്‍വിസ് പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഔദ്യോഗിക കത്തുകള്‍ മന്ത്രാലയത്തിന്റെ സര്‍വിസ് സെന്റര്‍ വഴിയോ നാഷനല്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴിയോ വളരെവേഗം ലഭ്യമാകും. വിവിധ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ കയറി ഇറങ്ങുന്നതും അതുമൂലമുണ്ടാകുന്ന കാലതാമസവും ഒഴിവാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. തവാസുല്‍ പോര്‍ട്ടല്‍ വഴി ലഭിച്ച പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇന്‍സ്റ്റന്റ് ലെറ്റര്‍ സര്‍വിസിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ മേഖലയിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായി ഇതിനകം 1300 ലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഡോക്യുമെന്റ് ചെയ്യപ്പെടുകയും 800ഓളം സേവനങ്ങള്‍ പുനക്രമീകരിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. കൂടുതല്‍ മേഖലകളില്‍ ഡിജിറ്റല്‍ സംവിധാനം നടപ്പലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് പുരോഗമിക്കുന്നത്.
Content Highlights: Bahrain has introduced an instant letter service aimed at speeding up the delivery of government services to citizens. The initiative is intended to simplify procedures and ensure quicker access to official documents and communications for the public.