
ശൈത്യകാലത്ത് ഷാർജയിലെ മരുഭൂമിയിലും മറ്റ് തുറന്ന പ്രദേശങ്ങളിലും ക്യാംപിങ്ങിനായെത്തുന്ന വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായി ഇവിടെങ്ങളിൽ അനധികൃതമായി ക്യാംപ് ചെയ്യുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പിഴ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ വാഹന രജിസ്ട്രേഷൻ പുതുക്കുമ്പോൾ ഈ പിഴ തീർച്ചയായും അടച്ചുതീർത്തിരിക്കണം. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് പിഴ തുക ഇരട്ടിയാകും. അൽ ബദായർ, അൽ ഫയ, മലീഹ പോലുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന വഴികളിൽ ഒക്ടോബർ ആദ്യം മുതൽ തന്നെ പൊലീസ് പട്രോളിംഗ് വിന്യസിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും വഴിതെറ്റിയ യാത്രക്കാരെ കണ്ടെത്താനും ആവശ്യമുള്ളപ്പോൾ പ്രാഥമിക ശുശ്രൂഷകൾ നൽകാനും വേണ്ടി രക്ഷാപ്രവർത്തന യൂണിറ്റുകളുടെയും ഒരു പ്രത്യേക ഓപ്പറേഷൻസ് റൂമിന്റെയും പിന്തുണയും ഇവിടെയുണ്ട്. അപകടകരമായ ഓഫ്-റോഡ് ഡ്രൈവിംഗ്, ഉച്ചത്തിലുള്ള സംഗീതം, അല്ലെങ്കിൽ ഗുരുതരമായ അപകടങ്ങൾക്കോ പരിക്കുകൾക്കോ ഇടയാക്കുന്ന മറ്റ് ശല്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയ 'അപകടകരമായ പ്രവൃത്തികളിൽ' ഏർപ്പെടരുതെന്ന് ക്യാമ്പ് ചെയ്യുന്നവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
രാത്രി വൈകും വരെ പട്രോളിംഗുകൾ ഈ പ്രദേശങ്ങളിൽ തുടരും. അതോടൊപ്പം, ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരെ കണ്ടെത്താൻ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കും ഒട്ടകങ്ങൾക്കും ഉണ്ടായേക്കാവുന്ന അപകടങ്ങൾ തടയാനായി പ്രധാന മരുഭൂമി റോഡുകളോട് ചേർന്ന് അധികൃതർ മുള്ളുവേലികൾ സ്ഥാപിച്ചിട്ടുമുണ്ട്.
Content Highlights: Sharjah warns of Dh2,000 fine for unauthorised camping