ഞാനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വരും; എനിക്ക് പാർട്ടി ഒന്നും തരാതിരുന്നിട്ടില്ല: ചാണ്ടി ഉമ്മൻ

പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കുമെന്ന് ചാണ്ടി ഉമ്മൻ

ഞാനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വരും; എനിക്ക് പാർട്ടി ഒന്നും തരാതിരുന്നിട്ടില്ല: ചാണ്ടി ഉമ്മൻ
dot image

കോട്ടയം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. തന്‍റെ ജീവിതം തന്‍റെ പാർട്ടിയ്ക്ക് വേണ്ടിയുള്ളതാണെന്നും താനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. അവിടെ ജാതിയോ മതമോ ഇല്ല. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായി സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും തന്റെ ജീവിതത്തിൽ പ്രാധാന്യമില്ല. പാർട്ടിയാണ് തനിക്കെല്ലാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


തനിക്ക് ഒന്നും പാർട്ടി തരാതിരുന്നിട്ടില്ല. തന്നെ എംഎൽഎ ആക്കിയത് ഈ പാർട്ടിയാണ്. തരാനുള്ളതെല്ലാം പാർട്ടി തന്നിട്ടുണ്ട്. തന്റെ പിതാവിനെ 51 കൊല്ലം എംഎൽഎ ആക്കിയത് ഈ പാർട്ടിയാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

13 ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്. ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുറത്തുവിട്ട ജംബോ കമ്മിറ്റിയിൽ അവസാനവട്ടം അദ്ദേഹത്തെ തഴഞ്ഞുവെന്നായിരുന്നു പരാതി. അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതാണ് ചാണ്ടി ഉമ്മനെ തഴയാൻ ഇടയാക്കിയതെന്നും ആരോപണമുയർന്നിരുന്നു.

ഇതിനിടെ യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് ഒഴിവാക്കിയതും ചാണ്ടി ഉമ്മനെ നീരസത്തിലാക്കി. തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ഇതിന് പിന്നാലെ ചാണ്ടി ഉമ്മൻ പറഞ്ഞത്.

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് ചാണ്ടി ഉമ്മൻ എക്‌സിറ്റ് അടിച്ചിരുന്നു. എന്നാൽ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും താൻ ഉണ്ടെന്നും സന്ദേശങ്ങൾ കുമിഞ്ഞു കൂടുന്നതിനാലാണ് ഒഴിവായതെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ഏത് ഗ്രൂപ്പിൽനിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ല. ഫോൺ പ്രശ്‌നമായിട്ടാണെന്നും ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽനിന്നും ചാണ്ടി ഉമ്മൻ വിട്ടുനിന്നിരുന്നു.

Content Highlights: Chandy Oommen says the party has never denied him anything

dot image
To advertise here,contact us
dot image