
നിയമം ലംഘിക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. നിയമ ലംഘകര്‍ പിഴക്ക് പുറമെ ശക്തമായ നിയമ നടപടിയും നേരിടേണ്ടി വരുമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയില്‍ രണ്ട് കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് നിയമ ലംഘകര്‍ക്കെതിരെ ഷാര്‍ജ പൊലീസ് നടപടി ശക്തമാക്കുന്നത്.
നിര്‍ദേശിക്കപ്പെടാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചു കടക്കുന്നതാണ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നതെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. അശാസ്ത്രീയമായ രീതിയില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. ഇത്തരം നിയമ ലംഘനങ്ങള്‍ അപകടത്തിന് കാരണമാവുകയാണെങ്കില്‍ തടവും 5,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും നിര്‍ദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാല്‍ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും വിധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കാല്‍നടയാത്രക്കാര്‍ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ട്രാഫിക് സിഗ്‌നലുകള്‍ കര്‍ശനമായി പാലിക്കണം. സുരക്ഷയെന്നത് കാല്‍നടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇന്‍ഡസ്ട്രിയല്‍ സോണുകളിലും ഹൈവേകളിലും പൊലീസ് പട്രോളിംഗും സ്മാര്‍ട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി വ്യാപകരമായ കാമ്പയ്നും ഷാര്‍ജ പൊലീസ് തുടക്കംകുറിച്ചു. വാസിത്തിലും ഇന്‍ഡസ്ട്രിയല്‍ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31കാരനായ അഫ്ഗാന്‍ പൗരനുമാണ് അടുത്തിടെ മരണമടഞ്ഞത്.
Content Highlights: Sharjah Police warns pedestrians who violate the law