യുഎഇ ​ഗോൾഡൻ വിസയ്ക്ക് യോ​ഗ്യരാണോ?; രണ്ട് മിനിറ്റിൽ അറിയാൻ വഴിയൊരുക്കി അധികൃതർ

രണ്ട് മിനിറ്റ് നീളുന്ന ഒരു ക്വിസിലൂടെയാണ് ​ഗോൾഡൻ വിസയ്ക്ക് ഒരാൾ യോഗ്യരാണോയെന്ന് അറിയാൻ കഴിയുക.

യുഎഇ ​ഗോൾഡൻ വിസയ്ക്ക് യോ​ഗ്യരാണോ?; രണ്ട് മിനിറ്റിൽ അറിയാൻ വഴിയൊരുക്കി അധികൃതർ
dot image

യുഎഇയിൽ ദിർഘകാലം താമസിക്കുവാൻ ആ​ഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ​ഗോൾഡൻ വിസ സ്വന്തമാക്കാൻ യോ​ഗ്യരാണോയെന്നറിയാൻ മാർഗവുമായി കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി. രണ്ട് മിനിറ്റ് മാത്രം നീളുന്ന ഒരു ക്വിസിലൂടെയാണ് ​ഗോൾഡൻ വിസയ്ക്ക് ഒരാൾ യോഗ്യരാണോയെന്ന് അറിയാൻ കഴിയുക.

ക്വിസിൽ പങ്കെടുക്കുന്നതിനായി കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയുടെ smartservices.icp.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിനുശേഷം, ഗോൾഡൻ വിസ സർവീസസ് വിഭാഗത്തിൽ പോയി 'നിങ്ങളുടെ യോഗ്യത പരിശോധിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട്, 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന് ഉത്തരം നൽകിക്കൊണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകണം.

ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മികച്ച ഹൈസ്കൂൾ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദധാരികൾ, പിഎച്ച്ഡി ബിരുദം സ്വന്തമാക്കിയവർ, മാനുഷിക പ്രവർത്തനങ്ങൾ ചെയ്യുന്നവർ തുടങ്ങി വിവിധ ഗോൾഡൻ വിസ വിഭാഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ക്വിസിലുള്ളത്. ഏത് ഗോൾഡൻ വിസ വിഭാഗത്തിന് കീഴിലാണ് ഒരാളുടെ യോഗ്യതയെന്ന് കണ്ടെത്താൻ ആളുകളെ സഹായിക്കുക എന്നതാണ് ഈ ക്വിസിന്റെ ലക്ഷ്യം.

ഉദാഹരണത്തിന്, യൂണിവേഴ്സിറ്റി ബിരുദധാരിയായ ഒരാൾ ഉയർന്ന GPA (ഗ്രേഡ് പോയിന്റ് ആവറേജ്) നേടിയ വ്യക്തിയുമാണെങ്കിൽ, ചോദ്യം ഇപ്രകാരമായിരിക്കും. "3.8-ൽ കുറയാത്ത GPA-യോടുകൂടി രാജ്യത്ത് നിന്ന് ബിരുദം നേടിയ മികച്ച യൂണിവേഴ്സിറ്റി ബിരുദധാരികളിൽ ഒരാളാണോ നിങ്ങൾ?" ഈ ചോദ്യത്തിന് 'അതെ' എന്ന് ഉത്തരം നൽകിയാൽ, യൂണിവേഴ്സിറ്റി ബിരുദധാരികൾക്കായുള്ള ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ സാധിക്കും.

ഒരിക്കൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കഴിഞ്ഞാൽ, ഒരാൾക്ക് യോജിച്ച വിഭാഗത്തിന് കീഴിലുള്ള നോമിനേഷനായുള്ള ഓൺലൈൻ അപേക്ഷാ ഫോമിലേക്ക് വെബ്സൈറ്റിലൂടെ കടന്നുപോകാം. ഓരോ വിഭാഗത്തിനും അതിൻ്റേതായ രേഖകളും ആവശ്യകതകളുമുണ്ട്. ആദ്യം നോമിനേഷനായി അപേക്ഷിക്കണം. ഇത് കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി അംഗീകരിച്ചാൽ, ഗോൾഡൻ റെസിഡൻസിക്കായി അപേക്ഷിക്കുന്നതിനുള്ള അടുത്ത നടപടികളിലേക്ക് കടക്കാൻ കഴിയും.

ഉദാഹരണത്തിന്, ഒരാൾ മീഡിയ അല്ലെങ്കിൽ ആർട്ട്‌സ് വിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കിൽ, ദുബായ് കൾച്ചർ ആൻഡ് ആർട്ട്‌സ് അതോറിറ്റിയിൽ നിന്നോ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിൽ നിന്നോ ഒരു ശുപാർശ കത്ത് ഹാജരാക്കേണ്ടതുണ്ട്.

യുഎഇയിൽ 2019 മുതലാണ് ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കി തുടങ്ങിയത്. ദീര്‍ഘകാലം യുഎഇയിൽ താമസ വിസയുള്ളവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. അതിലൂടെ വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരമാണ് യുഎഇ ഒരുക്കിയത്.

Content Highlights: How to check if you qualify for a UAE Golden Visa in two minutes

dot image
To advertise here,contact us
dot image