
സൗദി അറേബ്യ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ശൈഖ് അന്തരിച്ചു. 82 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സൗദി റോയൽ കോടതിയാണ് മരണം സ്ഥിരീകരിച്ചത്. സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുൽ അസീസ്. ഉന്നത പണ്ഡിതസഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ പദവികളും ശൈഖ് അബ്ദുല്‍ അസീസ് സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നടക്കുക. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും സൗദി അറേബ്യയിലുടനീളമുള്ള പള്ളികളിലും ശൈഖ് അല്‍ ശൈഖിന് വേണ്ടി പ്രാർത്ഥന നിര്‍വഹിക്കാന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
1943 നവംബര്‍ 30-ന് മക്കയിലാണ് ശൈഖ് അബ്ദുല്‍ അസീസ് ജനിച്ചത്. 1951ൽ തന്റെ എട്ടാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട ശൈഖ് അബ്ദുല്‍ അസീസ് ഒരു അനാഥനായിട്ടാണ് വളർന്നത്. ചെറുപ്പത്തിൽ തന്നെ ഖുറാൻ മനപ്പാഠമാക്കാൻ ശൈഖ് അബ്ദുൽ അസീസിന് കഴിഞ്ഞു. 1999-ൽ ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്തേക്ക് ശൈഖ് അബ്ദുൽ അസീസ് നിയമിതനായി. വിവിധ സർവ്വകലാശാലകളിലെ അക്കാദമിക് കൗൺസിലുകളിൽ അംഗമായിരുന്നു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിലും നമിറ പള്ളിയിലും ശൈഖ് അബ്ദുൽ അസീസ് ഒരു പ്രമുഖ പ്രഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: Saudi Arabia’s Grand Mufti Sheikh Abdulaziz Al Sheikh passes away