നിയമ ലംഘനങ്ങളിൽ കർശന നടപടി; ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടി യുഎഇ

മതിയായ ലൈസന്‍സ് ഇല്ലാതെയാണ് മിക്ക ഏജന്‍സികളും പ്രവര്‍ത്തിച്ചിരുന്നത്

നിയമ ലംഘനങ്ങളിൽ കർശന നടപടി; ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടി യുഎഇ
dot image

യുഎഇയില്‍ നിയമങ്ങള്‍ പാലിക്കാത്ത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടി ശക്തമാക്കി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. അബുദാബിയില്‍ നിയമ ലംഘനം നടത്തിയ 11 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടി. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് അബുദാബിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഇത്തരം ഏജന്‍സികള്‍ക്ക് നേരത്തെ നിരവധി തവണ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും നിയമങ്ങള്‍ പാലക്കാന്‍ ഏജന്‍സികള്‍ തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.

മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയവും അബുദാബി രജിസ്ട്രേഷന്‍ അതോറിറ്റിയും അല്‍ ഐന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മതിയായ ലൈസന്‍സ് ഇല്ലാതെയാണ് മിക്ക ഏജന്‍സികളും പ്രവര്‍ത്തിച്ചിരുന്നത്. അടച്ചുപൂട്ടല്‍ നടപടിക്ക് പുറമെ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ക്കായി കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

വരും ദിവസങ്ങളില്‍ യുഎഇയിലുടനീളമുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ അംഗീകൃതവും ലൈസന്‍സുള്ളതുമായ ഏജന്‍സികള്‍ മാത്രം തിരഞ്ഞെടുക്കണമെന്ന് പൊതുജനങ്ങളോട് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ ആവശ്യപ്പെട്ടു. ലൈസന്‍സുളള ഏജന്‍സികളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഇക്കാര്യം ജനങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: UAE shuts down 11 illegal domestic worker recruitment agencies

dot image
To advertise here,contact us
dot image