അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പരിപാടിയുടെ ഭാഗമായി 33 സെമിനാറുകളും സംഘടിപ്പിക്കും

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
dot image

കൊച്ചി: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അടുത്തമാസം പകുതിയോടെ കൊച്ചിയില്‍ വെച്ചാണ് സംഗമം നടക്കുക. ഈ മാസം 20ന് സ്വാഗത സംഘം ചേരാനാണ് നിലവിലെ തീരുമാനം. പരിപാടിയുടെ ഭാഗമായി 33 സെമിനാറുകളും സംഘടിപ്പിക്കും.

ക്രിസ്ത്യന്‍ സംഘടനകളാണ് സംഗമത്തിന്‍റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന. ക്രിസ്ത്യന്‍ മുസ്ലീം മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1,500 പേര്‍ സംഗമത്തില്‍ പങ്കെടുക്കും. കെ ജെ മാക്‌സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യന്‍ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. 'വിഷന്‍ 2031' എന്നാണ് സംഗമത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവും.

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, ന്യൂനപക്ഷ സം​ഗമത്തിൽ സർക്കാർ അജണ്ട പഠിച്ച ശേഷം നേതൃത്വം നിലപാടറിയിക്കുമെന്ന് നാസർഫൈസി കൂടത്തായി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേർതിരിക്കുന്ന സർക്കാരാകരുതെന്നായിരുന്നു സംഭവത്തിൽ ഫാദർ പോള്‍ തേലക്കാട്ടിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള സർക്കാർ തീരുമാനം ഭൂരിപക്ഷ പ്രീണനമെന്ന വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ സംഗമത്തിന് കൂടി സർക്കാർ വേദിയൊരുക്കുന്നത്. ന്യൂനപക്ഷസമുദായങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്നതിനൊപ്പം രാജ്യത്ത് അവർ നേരിടുന്ന വെല്ലുവിളികളും ചർച്ചയാക്കുകയും എല്ലാവരെയും വേർതിരിവില്ലാതെ കാണുന്നുവെന്ന സന്ദേശം കൊടുക്കുകയുമാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുമ്പോള്‍ സഹകരിക്കാമെന്ന നിലപാടില്‍ തന്നെയാണ് മുസ്ലിംസമുദായിക സംഘടനകള്‍. പ്രതിപക്ഷത്ത് നിന്ന് മുസ്ലിംലീഗ് സ്വീകരിക്കുന്ന നിലപാടാകും ഇനി നിർണായകമാവുക.

Content Highlight; Government Announces Minority Meeting Post global Ayyappa sangamam

dot image
To advertise here,contact us
dot image