
ഒമാനില്‍ 40ൽ അധികം തൊഴില്‍ മേഖലകളില്‍ പ്രഫഷനല്‍ ലൈസന്‍സിംഗ് നിര്‍ബന്ധമാക്കികൊണ്ടുളള ഉത്തരവ് നിലവില്‍ വന്നു. അംഗീകൃത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ തൊഴില്‍ മേഖലയില്‍ യോഗ്യതയുള്ളവരെ മാത്രം നിയമിക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്.
40ൽ അധികം തൊഴില്‍ മേഖലകളിലാണ് പ്രഫഷനല്‍ ലൈസന്‍സിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിനില്‍ നിലവില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പുതിയതായി നിയമിക്കപ്പെടുന്നവര്‍ക്കും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണമെന്ന് മന്ത്രാലയം അറിയിച്ചു. ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി യോഗ്യതയുള്ള അതോറിറ്റിയില്‍ അപേക്ഷ നല്‍കണം. വിപണിയില്‍ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളുടെ സാന്നിധ്യം കുറക്കാനും ആളുകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ നിയനമത്തിലൂടെ കഴിയുമെന്നാണ് തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നത്.
ഊര്‍ജ്ജ, ധാതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സെക്ടര്‍ സ്‌കില്‍സ് യൂണിറ്റില്‍ നിന്നാണ് പ്രഫഷനല്‍ ലൈസന്‍സ് നേടേണ്ടത്. മന്ത്രാലയം ഔദ്യോഗികമായി അംഗീകരിക്കാത്ത ലൈസന്‍സുകളും സര്‍ട്ടിഫിക്കേഷനുകളും അസാധുവായി കണക്കാക്കും. പ്രൊഫണല്‍ ലൈസന്‍സിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റഫ്രിജറേറ്റഡ് ട്രക്കുകള്‍, വാട്ടര്‍ ടാങ്കറുകള്‍, ട്രയിലറുകള്‍, മാലിന്യ ഗതാഗത ട്രക്കുകള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുളളവര്‍ക്കും നിയമം ബാധകമാണ്. ലോജിസ്റ്റിക്സ് മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരും ലൈസന്‍സ് നേടണം. ഇതിന് പുറമെ അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിംഗ് മേഖലകളിലെ നിലവിലുള്ള എല്ലാ ജീവനക്കാരും പ്രഫഷനല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും പുതിയ നിയമത്തില്‍ പറയുന്നു. അസിസ്റ്റന്റ് ഇന്റേണല്‍, എക്സ്റ്റേണല്‍ ഓഡിറ്റര്‍മാര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
Content Highlights: Mandatory Licensing for Work Permits in 40 Professions from Today