നിയമലംഘനം നടത്തുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പണി ഉറപ്പ്; നടപടി ശക്തമാക്കി യുഎഇ

രാജ്യത്തിന്റെ വിവിധ മേഖളലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

dot image

യുഎഇയില്‍ നിയമ ലംഘനം നടത്തുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടി ശക്തമാക്കി തൊഴില്‍ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖളലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നാല്‍പ്പതോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 140 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ ചില സ്ഥാപനങ്ങള്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്തതായും വിവിധ സ്ഥലങ്ങളില്‍ ജോലിക്ക് നിയമിച്ചതായും പരിശോധനയില്‍ വ്യക്തമായി. ഇതിന് പുറമെ തൊഴിലാളികളുടെ പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ കൈവശം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശരിയായ താമസ സൗകര്യങ്ങള്‍, കൃത്യമായ വേതനം, ആവശ്യത്തിന് വിശ്രമവേകള്‍ എന്നിവ അനുവദിക്കാത്ത സ്ഥാപനങ്ങളും തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ പിടിയിലായി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച നാല്‍പതോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മന്ത്രാലം അറിയിച്ചു.

വീട്ടുജോലിക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യുകയോ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. രാജ്യത്തുടനീളമുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴില്‍ മന്ത്രാലയത്തെ വിവരമറിയിക്കാന്‍ പൊതുജനങ്ങളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Content Highlights: UAE steps up action against illegal domestic worker recruitment agencies

dot image
To advertise here,contact us
dot image