
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്ര സര്‍ക്കാര്‍. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നത്. എണ്ണ വാങ്ങുന്നത് തുടരും എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇന്ത്യ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍ നിന്ന് ആയതിനാലാണ് ഇത്തരത്തിലൊരു നീക്കം എന്നായിരുന്നു താരിഫ് നയത്തില്‍ ട്രംപിന്റെ വാദം.
ഇതിന് പിന്നാലെ മാംഗ്ലൂർ റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് താരിഫ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിൽ കുറിച്ചിരുന്നു.
സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു. റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് 25% താരിഫും അധിക പിഴയും ചുമത്തുന്നു. ഇത് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നു എന്നത് മാത്രമല്ല ട്രംപിന്‍റെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് യുക്രെയ്നുമായുള്ള യുദ്ധത്തെ സുസ്ഥിരപ്പെടുത്താൻ മോസ്കോയെ സഹായിക്കുന്നു എന്നതാണ് അസ്വസ്ഥതയുടെ പ്രധാന കാരണമെന്നായിരുന്നു റൂബിയോയുടെ പ്രതികരണം. ഫോക്സ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാർക്കോ റൂബിയോ നിലപാട് വ്യക്തമാക്കിയത്. പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുന്ന മറ്റ് രാജ്യങ്ങൾ ഉള്ളപ്പോഴും ഇന്ത്യ റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതാണ് ട്രംപിനെ നിരാശപ്പെടുത്തതെന്നും റൂബിയോ പ്രതികരിച്ചിരുന്നു. ഈ പണം റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതും ട്രംപിൻ്റെ നിലപാടിന് കാരണമാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.
'ഇന്ത്യയ്ക്ക് വലിയ നിലയിലുള്ള ഊർജ്ജാവശ്യങ്ങളുണ്ട്. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് പോലെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനായി പെട്രോളും ഗ്യാസും കൽക്കരിയും വാങ്ങാനുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ട്. എന്നാൽ ഇന്ത്യ ഇത് വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. റഷ്യൻ പെട്രോളിയം ഉത്പന്നങ്ങൾ ഉപരോധത്തിലുള്ളതും വിലക്കുറവുള്ളതുമാണ്. ഉപരോധമുള്ളതിനാൽ ആഗോള വില നിലവാരത്തിൽ നിന്നും താഴ്ത്തിയാണ് പലപ്പോഴും റഷ്യ പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുത്. നിർഭാഗ്യവശാൽ ഇത് യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധനീക്കത്തെ സുസ്ഥിരമാക്കുന്നു. ഇതാണ് ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധത്തിലെ അസ്വസ്ഥപ്പെടുത്തുന്ന ഘടകം. ഇത് മാത്രമല്ല അസ്വസ്ഥതതയുടെ ഘടകം. അവരുമായി സഹകരിക്കുന്ന മറ്റനേകം ഘടകങ്ങളും ഞങ്ങൾക്കുണ്ടെ'ന്നും മാർക്കോ റൂബിയോ പ്രതികരിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ഇന്ത്യ റഷ്യയിൽ നിന്നും പെട്രേളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനെതിരെ അമേരിക്കയടക്കം വിമർശനം ഉന്നയിച്ചിരുന്നു. യൂറോപ്പിന്റെ പ്രശ്‌നങ്ങൾ ലോകത്തിന്റെ പ്രശ്‌നങ്ങളാണ്, പക്ഷേ ലോകത്തിന്റെ പ്രശ്‌നങ്ങൾ യൂറോപ്പിന്റെ പ്രശ്‌നങ്ങളല്ല എന്ന മനോഭാവത്തിൽ നിന്ന് പാശ്ചാത്യലോകം വളരേണ്ടതുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പാശ്ചാത്യ വിമർശനങ്ങളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതികരിച്ചിരുന്നു.
Content Highlights: Central Government Dismissed Reports That India has Stopped Buying Oil From Russia