
നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം നടന്റെ വിയോഗത്തിൽ അനുശോചനമറിയിക്കുന്നുണ്ട്. നടൻ ജയറാമും നവാസിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി. 'പ്രിയ സുഹൃത്തേ… ഒരുപാട് വേദനിക്കുന്ന വേർപാട്. പ്രണാമം' എന്നാണ് ജയറാം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നവാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ.
കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റുമോർട്ടം നടത്തും. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനം നടത്തും.
ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകവെയാണ് നവാസിൻറെ വിയോഗം.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡിക്ടറ്റീവ് ഉജ്വലനാണ് പുറത്തിറങ്ങിയ അവസാന ചിത്രം.
Content Highlights: Jayaram shares condolences on Kalabhavan Navas's death