ട്രെയിന്‍ യാത്രയില്‍ മദ്യം കൊണ്ടുപോകാമോ? നിയമം പറയുന്നത് ഇങ്ങനെ

മദ്യപിച്ച് ട്രെയിനില്‍ യാത്രചെയ്താല്‍ ശിക്ഷ എന്താണ്?

dot image

ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. പലരും പലതരം സാധനങ്ങള്‍ യാത്രയില്‍ കരുതാറുമുണ്ട്. എന്നാല്‍ ട്രെയിന്‍ യാത്രയില്‍ മദ്യം കൊണ്ടുപോകാമോ? എത്ര അളവാണ് നിയമം അനുവദിക്കുന്നത്? മദ്യപിച്ച് യാത്ര ചെയ്താല്‍ എന്താണ് ശിക്ഷ? ഇക്കാര്യങ്ങളെക്കുറിച്ച് അറിയാം.

ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ മദ്യം കൊണ്ടുപോകുന്നതിന് നിയമങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ട്രെയിനില്‍ മദ്യം കൊണ്ടുപോകുവാന്‍ കഴിയുമോ എന്നുള്ളത് നിങ്ങള്‍ യാത്ര പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനത്തിന്റെയും നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓരോ സംസ്ഥാനത്തിനും അതിന്റേതായ എക്‌സൈസ് നിയമങ്ങളുണ്ട്. ഇവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.

മദ്യം നിയമപരമായി ലഭ്യമായതും മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഒരു സംസ്ഥാനത്ത് നിന്നാണ് നിങ്ങള്‍ യാത്രചെയ്യുന്നത് എങ്കില്‍ മദ്യം കൊണ്ടുപോകാവുന്നതാണ്. എന്നാലും എത്ര അളവ് കൊണ്ടുപോകാം എന്നതിന് പരിധികളുണ്ട്.

സാധാരണയായി യാത്രക്കാര്‍ക്ക് ഒന്നോ രണ്ടോ കുപ്പി മദ്യം കൊണ്ടുപോകാന്‍ അനുവാദമുണ്ട്. ഈ മദ്യക്കുപ്പി സീല്‍ ചെയ്തിരിക്കണം. മദ്യം വാങ്ങിയതിന്റെ രേഖകളും കൂടെ കരുതണം. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നത് സാധാരണയായി നിയമവിരുദ്ധമാണ്. ബീഹാര്‍, ഗുജറാത്ത്, നാഗാലാന്‍ഡ്, മിസോറാം തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇവിടെ മദ്യം കൊണ്ടുപോകുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.

പിടിക്കപ്പെട്ടാല്‍ പിഴയും തടവും നേരിടേണ്ടിവരും. അനുവദനീയമായ പരിധിക്കപ്പുറം മദ്യം കൊണ്ടുപോയാല്‍ 5,000 രൂപ മുതല്‍ 25,000 രൂപവരെ പിഴ ചുമത്താം. പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും ഇറങ്ങുന്ന സംസ്ഥാനത്തിന്റെയും നിയമങ്ങള്‍ അറിയുകയും പ്രാദേശിക എക്‌സൈസ് നിയമങ്ങളും റെയില്‍വേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മനസിലാക്കുകയും ചെയ്യണം.

ട്രെയിനില്‍ മദ്യപിച്ചാലുള്ള ശിക്ഷ

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പല വിധത്തിലുളള സുരക്ഷാനിയമങ്ങള്‍ റെയില്‍വേ നടപ്പിലാക്കിയിട്ടുണ്ട്. 1989 ലെ റെയില്‍വേ ആക്ടിലെ സെഷന്‍165 പ്രകാരം മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നത് നിരോധിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. ഇങ്ങനെ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഉടനടി ടിക്കറ്റ് റദ്ദ് ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ ആറ് മാസം വരെ തടവും പിഴയും ലഭിക്കുകയും ചെയ്യും.

Content Highlights :What are the legal aspects of carrying alcohol on a train journey? What is the punishment for traveling drunk on a train?

dot image
To advertise here,contact us
dot image