
ഇപ്പോള്‍ സിനിമയില്‍ ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാന നടന്‍മാരാണെന്ന് നിര്‍മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുന്‍ തലവനുമായ പഹ്ലാജ് നിഹലാനി. ചിലപ്പോള്‍ സംവിധായകരെപ്പോലും സൂപ്പര്‍താരങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും യുട്യൂബ് ചാനലായ 'ലേണ്‍ ഫ്രം ദി ലെജന്‍ഡി'ന് നല്‍കിയ അഭിമുഖത്തില്‍ പഹ്‌ലാജ് പറയുന്നു. നടൻ അക്ഷയ് കുമാറിന്റെ പക്കൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
'തലാഷ്' എന്ന ചിത്രത്തിനായി കരീന കപൂറിനെ നായികയാക്കാന്‍ അക്ഷയ് കുമാര്‍ നിര്‍ബന്ധം പിടിച്ചുവെന്ന് പഹ്‌ലാജ് പറയുന്നു. 'മുമ്പ് നിര്‍മാതാക്കളും സംവിധായകരുമായിരുന്നു കാസ്റ്റിംഗ് ചെയ്തിരുന്നത്, നായകന്‍മാര്‍ അതില്‍ ഇടപെടാറുണ്ടായിരുന്നില്ല. ഞാന്‍ നിര്‍മിച്ച സിനിമകളില്‍ ഇത്തരം ഒരു ഇടപെടല്‍ നടത്തിയ നടന്‍ അക്ഷയ് കുമാര്‍ ആയിരുന്നു. തലാഷ് എന്ന ചിത്രത്തിലായിരുന്നു അത്. അദ്ദേഹം എന്നോട് പറഞ്ഞു, 'നാളെ സിനിമയുടെ ഷൂട്ടിങ് തുടങ്ങാം, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പണം എനിക്ക് തരാം, പക്ഷേ ഈ സിനിമയിലെ നായിക കരീന കപൂര്‍ ആയിരിക്കും.' അന്നത്തെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരുന്നു അത്. 22 കോടി രൂപയ്ക്കാണ് നിര്‍മിച്ചത്. എന്റെ കരിയറില്‍ ആദ്യമായിട്ടായിരുന്നു ഒരു നടന്‍ ഒരു പ്രത്യേക അഭിനേതാവിനെ വേണമെന്ന് ആവശ്യപ്പെട്ടത്', പഹ്‌ലാജ് പറയുന്നു.
പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോൾ നടന്മാർക്ക് പ്രായം കുറഞ്ഞതായി തോന്നും അതുകൊണ്ടാണ് അവർ ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും പഹ്ലാജ് പറഞ്ഞു. 'ചിലപ്പോള്‍ നടന്മാര്‍ക്ക് പ്രായമാകുമ്പോള്‍ അവര്‍ക്ക് പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടാകും. അങ്ങനെ വരുമ്പോള്‍ അവരുടെ പ്രായം കുറഞ്ഞതായി തോന്നും. ഞാന്‍ ആദ്യമായി അങ്ങനെ കേള്‍ക്കുന്നത് അപ്പോഴാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ നടന്മാര്‍ എല്ലാം തീരുമാനിക്കുകയും നിര്‍മാതാക്കള്‍ ഒരു കൊറിയര്‍ സര്‍വീസ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.' പഹ്‌ലാജ് കൂട്ടിച്ചേർത്തു.
അക്ഷയ് കുമാർ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുനിൽ ദർശൻ സംവിധാനം ചെയ്ത ചിത്രമാണ് തലാഷ്. ഒരു ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
Content Highlights: Bollywood producer talks about Akshay Kumar's request