

കഴിഞ്ഞ ദിവസം FZ 1073 വിമാനത്തിലുണ്ടായ സംഭവത്തെ തുടർന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലൈദുബായ് അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുമായി ഏകോപിച്ചാണ് സർവീസുകൾ നിർത്തിവെച്ചതെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ തീരുമാനം തുടരുമെന്നും എയർലൈൻ വ്യക്തമാക്കി.
ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് (DXB) ടെൽ അവീവിലെ ബെൻ ഗുരിയൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോയ FZ 1073 വിമാനത്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ തർക്കം ഉണ്ടായതിനെ തുടർന്നാണ് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലൈദുബായ് ജീവനക്കാർ വിമാനം സുരക്ഷിതമാക്കി തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായിരുന്നുവെന്നും എയർലൈൻ അറിയിച്ചിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സഹായിക്കുന്നതിനായി തബൂക്കിലേക്ക് രണ്ട് പകരം വിമാനങ്ങൾ ഫ്ലെെ ദുബായ് അയയ്ക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ കാരണവും പശ്ചാത്തലവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് സർവീസ് നിർത്തിവെച്ച തീരുമാനം പുനഃപരിശോധിക്കുമെന്ന് ഫ്ലൈദുബായ് അധികൃതർ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും എയർലൈൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സർക്കാർ അധികൃതർ, റെഗുലേറ്റർമാർ, വിമാനത്താവള അധികൃതർ എന്നിവരുമായി ഏകോപനം തുടരുകയാണെന്നും ഫ്ലൈദുബായ് അറിയിച്ചു.
Contant Highlights: flydubai has temporarily suspended all flights to and from Israel while authorities continue investigating an incident involving flight FZ1073.