

സൗദി അറേബ്യയ്ക്കും ദോഹയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളുമായി ഖത്തർ എയർവേയ്‌സ്. വരുന്ന ശീതകാലത്തോടനുബന്ധിച്ച് സൗദിയിലേക്കുള്ള നാല് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനരാരംഭിക്കുന്നു. ഇതോടെ സൗദി അറേബ്യയിലേക്കുള്ള ആഴ്ചയിലെ മൊത്തം സർവീസുകളുടെ എണ്ണം 155-ൽ അധികമായി ഉയരും.
ഒക്ടോബർ 25 മുതലാണ് നിർത്തിവെച്ചിരുന്ന സർവീസുകൾ എയർലൈൻ വീണ്ടും ആരംഭിക്കുന്നത്. ഒക്ടോബർ 25-ന് അൽ ഖസീമിലേക്കുള്ള സർവീസാണ് ആദ്യം പുനരാരംഭിക്കുക. തുടർന്ന് ഒക്ടോബർ 31-ന് ത്വായിഫിലേക്കും വിമാന സർവീസുകൾ ഉണ്ടാകും. അടുത്ത വർഷം ജനുവരി രണ്ട് മുതൽ യെൻബുവിൽ നിന്നുള്ള സർവീസുകളും ജനുവരി മൂന്ന് മുതൽ തബൂക്കിൽ നിന്നുള്ള സർവീസുകളും പുനരാരംഭിക്കും.
ഈ നാല് കേന്ദ്രങ്ങളിലേക്കും ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാണ് ഉണ്ടായിരിക്കുക. വേനൽക്കാലത്തെ സർവീസുകളെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വർദ്ധനവാണ് ഖത്തർ എയർവേയ്‌സ് സൗദിയിലേക്കുള്ള ആഴ്ചതോറുമുള്ള വിമാനങ്ങളിൽ വരുത്തിയിരിക്കുന്നത്.
ഒക്ടോബർ 25-ന് ആരംഭിക്കുന്ന ഖസീം സർവീസ് ആദ്യഘട്ടത്തിൽ ഞായറാഴ്ചകളിലായിരിക്കും ഉണ്ടാകുക, തുടർന്ന് ഒക്ടോബർ 30 മുതൽ വെള്ളിയാഴ്ചകളിലും രണ്ടാമത്തെ സർവീസ് ഉണ്ടാകും. ത്വായിഫിലേക്കുള്ള വിമാനങ്ങൾ ബുധൻ, ശനി ദിവസങ്ങളിലും യെൻബുവിലേക്ക് ബുധൻ, ശനി ദിവസങ്ങളിലും, തബൂക്കിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമായിരിക്കും സർവീസ് നടത്തുക. യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഈ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കും.
Content Highlights: Qatar Airways has resumed flights to four Saudi cities, providing greater travel options for passengers. The move restores air connectivity between Qatar and Saudi Arabia and is expected to benefit travelers.