

റോഡിലൂടെ വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി സൗദി പബ്ലിക് സെക്യൂരിറ്റി. നിയമലംഘനം നടത്തുന്നവരിൽ നിന്ന് 300 സൗദി റിയാൽ വരെ പിഴയായി ഈടാക്കുമെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി. റോഡപകടങ്ങൾ പൂർണ്ണമായും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് പരിശോധനകൾ ഊർജ്ജിതമാക്കുന്നത്.
മുന്നിൽ പോകുന്ന വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ ബ്രേക്ക് ചെയ്യുകയോ ചെയ്യുമ്പോൾ തൊട്ടുപിന്നിലുള്ള വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഈ അകലം അത്യന്താപേക്ഷിതമാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലോ അടിയന്തര ഘട്ടങ്ങളിലോ പെട്ടെന്ന് തീരുമാനമെടുക്കാനും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും സുരക്ഷിതമായ ഇടവേള സഹായിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഓർമ്മിപ്പിച്ചു.
ഗതാഗത നിയമങ്ങൾ പാലിക്കുക എന്നത് ഓരോ ഡ്രൈവറുടെയും നിർബന്ധമായ ഉത്തരവാദിത്തമാണ്. ഡ്രൈവർമാരുടെയും വഴിയാത്രക്കാരുടെയും ജീവന് സുരക്ഷയൊരുക്കാൻ നിയമങ്ങൾ കൃത്യമായി പാലിച്ചേ മതിയാകൂ. സ്വന്തം സുരക്ഷയ്ക്കും റോഡിലെ മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനുമായി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
റോഡുകളിലെ ഗതാഗതം കൂടുതൽ സുഗമമാക്കാനും അപകടരഹിതമാക്കാനും ട്രാഫിക് വിഭാഗം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ താക്കീതോടപ്പം പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Saudi Arabia is taking a new step to improve road safety by encouraging drivers to maintain a safe distance while driving. The initiative aims to reduce accidents and promote safer driving practices across the country.