സൗദിയിൽ സ്കൂളുകൾ തുറന്നു; 45 ലക്ഷം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്, പുതിയ നിയമങ്ങൾ നിലവിൽവന്നു

രാജ്യത്തെ മിക്ക മേഖലകളിലും ഓഗസ്റ്റ് 23 ഞായറാഴ്ച തന്നെ ക്ലാസുകൾ ആരംഭിച്ചു

സൗദിയിൽ സ്കൂളുകൾ തുറന്നു; 45 ലക്ഷം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്, പുതിയ നിയമങ്ങൾ നിലവിൽവന്നു
dot image

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ. രാജ്യത്തുടനീളമുള്ള പബ്ലിക് സ്കൂളുകളിലേക്ക് 45 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്. പുതിയ പബ്ലിക് എജ്യുക്കേഷൻ നിയമം നിലവിൽ വന്നതിനൊപ്പമാണ് ഇത്തവണ സ്കൂളുകൾ തുറക്കുന്നത്. അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള നിയമങ്ങളിലടക്കം വലിയ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നത്.

രാജ്യത്തെ മിക്ക മേഖലകളിലും ഓഗസ്റ്റ് 23 ഞായറാഴ്ച തന്നെ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ വിദ്യാഭ്യാസ വകുപ്പുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ അധ്യയനം ഓഗസ്റ്റ് 30-നായിരിക്കും തുടങ്ങുക. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി ഈ നാല് മേഖലകളിലെ അധ്യാപകർ ഞായറാഴ്ച തന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. പഠനം ആദ്യ ദിനം മുതൽ തന്നെ കാര്യക്ഷമമായി നടത്തണമെന്നും കുട്ടികളുടെ ഹാജർ കർശനമായി പരിശോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.

ഹാജരില്ലാത്ത കുട്ടികളുടെ വിവരം 'നൂർ' (Noor) ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്താനും രക്ഷിതാക്കളെ ഉടൻ അറിയിക്കാനും സ്കൂളുകളോട് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തക വിതരണത്തിലെ താമസം ഒഴിവാക്കാൻ വേനലവധിക്ക് മുന്നോടിയായിത്തന്നെ ഇത്തവണ പാഠപുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.

Also Read:

അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്ന രീതിയിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിലെ 'ഹുദൂരി' (Hadouri) ആപ്ലിക്കേഷൻ തുടർന്നും ഉപയോഗിക്കുമെങ്കിലും അധ്യാപകർ ദിവസവും നിർബന്ധമായി ഏഴ് മണിക്കൂർ സ്കൂളിൽ ചെലവഴിക്കണമെന്ന നിബന്ധന ഒഴിവാക്കി. പകരം, ഓരോ സ്കൂളിന്റെയും സമയക്രമത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് അധ്യാപകരുടെ ജോലി സമയം ക്രമീകരിക്കാം. അധ്യാപകർക്ക് കൂടുതൽ ഇളവുകളും അനുയോജ്യമായ പ്രവർത്തന സാഹചര്യങ്ങളും നൽകുന്നതാണ് പുതിയ തീരുമാനം.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ റോഡിലിറങ്ങുന്ന സാഹചര്യത്തിൽ ട്രാഫിക് വിഭാഗവും ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്കൂളുകൾക്ക് സമീപവും പ്രധാന വാണിജ്യ മേഖലകളിലും ട്രാഫിക് പൊലീസിന്റെ സാന്നിധ്യം വർദ്ധിപ്പിച്ചു. വിശേഷിച്ച് രാവിലത്തെ തിരക്കുള്ള സമയങ്ങളിലും സ്കൂൾ വിടുന്ന സമയങ്ങളിലും ഗതാഗതം സുഗമമാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും സ്കൂൾ പരിസരങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Schools have reopened across Saudi Arabia, with around 4.5 million students returning to classrooms. The new academic year also brings several new rules and regulations for students and educational institutions.

dot image
To advertise here,contact us
dot image