ഈന്തപ്പന അവശിഷ്ടങ്ങൾ പുനരുപയോഗിക്കാൻ വൻ പദ്ധതികളുമായി സൗദി; പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരം ലക്ഷ്യം

ഉപേക്ഷിക്കപ്പെടുന്ന പനയോലകളും ഈന്തപ്പഴ കുരുക്കളും ഉപയോഗിച്ച് തടി ഉത്പ്പന്നങ്ങളും ഫർണിച്ചറുകളും പരിസ്ഥിതി സൗഹൃദ ബയോപ്ലാസ്റ്റിക്കും നിർമ്മിക്കാനുള്ള വലിയ പദ്ധതികളാണ് രാജ്യത്ത് പുരോഗമിക്കുന്നത്.

ഈന്തപ്പന അവശിഷ്ടങ്ങൾ പുനരുപയോഗിക്കാൻ വൻ പദ്ധതികളുമായി സൗദി; പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരം ലക്ഷ്യം
dot image

ഈന്തപ്പഴ വിളവെടുപ്പിന് ശേഷം ഉപേക്ഷിക്കുന്ന ഈന്തപ്പനയുടെ അവശിഷ്ടങ്ങൾക്ക് പുതിയ മൂല്യം നൽകാൻ സൗദി അറേബ്യ. വിപണിയിൽ വലിയ രീതിയിൽ ഉപേക്ഷിക്കപ്പെടുന്ന പനയോലകളും ഈന്തപ്പഴ കുരുക്കളും ഉപയോഗിച്ച് തടി ഉത്പ്പന്നങ്ങളും ഫർണിച്ചറുകളും പരിസ്ഥിതി സൗഹൃദ ബയോപ്ലാസ്റ്റിക്കും നിർമ്മിക്കാനുള്ള വലിയ പദ്ധതികളാണ് രാജ്യത്ത് പുരോഗമിക്കുന്നത്.

ഏകദേശം 3.7 കോടി ഈന്തപ്പനകളുള്ള സൗദി അറേബ്യയിൽ, പഴങ്ങൾക്ക് പുറമെ ഇവയുടെ അവശിഷ്ടങ്ങൾക്കും വലിയ സാമ്പത്തിക മൂല്യമുണ്ടെന്ന് അധികൃതർ പറയുന്നു. ഉപേക്ഷിക്കുന്ന പനയോലകൾ ശേഖരിച്ച് പൊടിച്ച് പ്രത്യേക താപനിലയിൽ അമർത്തി ബോർഡുകളാക്കി മാറ്റിയാണ് തുടക്കം. കഫെകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന കസേരകൾ, മേശകൾ തുടങ്ങിയ ഫർണിച്ചറുകൾ ഇവ ഉപയോഗിച്ച് നിർമ്മിക്കുന്നുണ്ട്. കൂടാതെ, പൊടിച്ച പനയോലകൾ ഉപയോഗിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്കും കുപ്പികൾക്കും പകരമായി പരിസ്ഥിതി സൗഹൃദ ബയോപ്ലാസ്റ്റിക് നിർമ്മിക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നു.

കൂടാതെ, എണ്ണ-വാതക ഖനന മേഖലയിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഖനന സമയത്ത് ഡ്രില്ലിംഗ് ദ്രാവകം (drilling fluid) ചോർന്നുപോകുന്നത് തടയാനായി ഈന്തപ്പഴത്തിന്റെ കുരു ഉപയോഗിച്ച് പ്രത്യേക സാമഗ്രികൾ നിർമ്മിക്കാൻ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയിലെ (Aramco) ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്.

സൗദിയിൽ പ്രതിവർഷം ഉത്പാദിപ്പിക്കപ്പെടുന്ന 30 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരമായും പദ്ധതിയെ കാണുന്നുണ്ട്. പരമ്പരാഗത പ്ലാസ്റ്റിക് കാലക്രമേണ പ്രകൃതിക്ക് ദോഷകരമാകുന്നു. എന്നാൽ ഈന്തപ്പന അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ബയോപ്ലാസ്റ്റിക്കുകൾ പൂർണ്ണമായും മണ്ണിൽ ലയിച്ചുചേരും.

കപ്പുകൾ, സ്പൂണുകൾ, ഗാർബേജ് ബാഗുകൾ, ചെടിച്ചട്ടികൾ എന്നിവയ്ക്ക് പുറമെ ത്രീഡി പ്രിന്റിംഗിന് ആവശ്യമായ ഫിലമെന്റുകൾ ഉണ്ടാക്കാനും ഈ ബയോപ്ലാസ്റ്റിക് ഉപയോഗിക്കാം. പദ്ധതി സൗദിയുടെ ദേശീയ സാമ്പത്തിക വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

Content Highlights: Saudi Arabia is developing major projects to recycle date palm waste and create sustainable solutions to reduce plastic pollution.

dot image
To advertise here,contact us
dot image