

സൗദി അറേബ്യയിലെ നാഷണൽ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ ജൂൺ മാസത്തിൽ മാത്രം കൈകാര്യം ചെയ്തത് 2.63 ദശലക്ഷത്തിലധികം അടിയന്തര കോളുകൾ. ദേശീയ സുരക്ഷാ കേന്ദ്രത്തിന്റെ ഏകീകൃത എമർജൻസി നമ്പറായ 911 വഴിയാണ് കൃത്യമായി പറഞ്ഞാൽ 26,31,374 കോളുകൾ അധികൃതർക്ക് ലഭിച്ചത്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ റീജിയൻ) എന്നീ നാല് പ്രധാന മേഖലകളിലാണ് നിലവിൽ ഈ ഏകീകൃത എമർജൻസി നമ്പർ സേവനം ലഭ്യമായിട്ടുള്ളത്.
അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഓപ്പറേഷൻ സെന്ററുകളിൽ വിവിധ വിദേശ ഭാഷകളിൽ പ്രാവീണ്യമുള്ള വിദഗ്ധരായ ജീവനക്കാരാണ് 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന അടിയന്തര കോളുകൾ സ്വീകരിക്കുന്ന നിമിഷം തന്നെ, അവ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കി ബന്ധപ്പെട്ട സുരക്ഷാ-സേവന ഏജൻസികളിലേക്ക് ജീവനക്കാർ ഉടനടി കൈമാറുന്നു.
ലഭിച്ച കോളുകളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് തലസ്ഥാന നഗരമായ റിയാദിലാണ്. 11,12,499 കോളുകളാണ് റിയാദിൽ നിന്ന് മാത്രം എത്തിയത്. തൊട്ടുപിന്നിലുള്ള മക്കയിൽ നിന്ന് 7,90,294 കോളുകളും, കിഴക്കൻ പ്രവിശ്യയിൽ നിന്ന് 5,01,635 കോളുകളും ലഭിച്ചു. മദീന പ്രവിശ്യയിൽ നിന്നാണ് ഏറ്റവും കുറവ് കോളുകൾ എത്തിയത്; 2,26,946 കോളുകൾ.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് നൽകുന്ന സുരക്ഷാ സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും, രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും ഈ ഏകീകൃത സംവിധാനത്തിലൂടെ സൗദി അറേബ്യക്ക് സാധിക്കുന്നുണ്ട്.
Content Highlights: Saudi emergency response centers handled 2.6 million calls during June