

സൗദി അറേബ്യയിൽ ഡിജിറ്റൽ ഭരണസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക ശുപാർശകളുമായി ശൂറാ കൗൺസിൽ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അവരുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരാനും കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനോട് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.
കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷന്റെ 2025 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്ത ശേഷമാണ് ശൂറാ കൗൺസിൽ ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി സമർപ്പിച്ച നിരീക്ഷണങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷനോട് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുപുറമെ, രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി മറ്റൊരു സുപ്രധാന ശുപാർശയും കൗൺസിൽ മുന്നോട്ടുവെച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളിൽ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ശേഷി എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന് പഠിക്കാൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ഇന്റർനെറ്റ് വേഗതയും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കും.
സൗദി അറേബ്യയുടെ ബഹിരാകാശ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നിർദ്ദേശങ്ങളും ഇതോടൊപ്പം കൗൺസിൽ സമർപ്പിച്ചു. വാണിജ്യ ബഹിരാകാശ സേവനങ്ങൾക്കായി പുതിയ നിയന്ത്രണ ചട്ടക്കൂടുകളും നിക്ഷേപ അവസരങ്ങളും വികസിപ്പിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു. ബഹിരാകാശ രംഗത്ത് ആഗോളതലത്തിൽ സൗദിയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ഈ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇത് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Saudi Arabia is introducing stricter measures for social media platforms, focusing on enhanced age verification systems to restrict children’s access and improve online safety.