'മീറ്റിംഗിൽ അപമാനിച്ചതിന് തെളിവുണ്ടെന്ന് ശ്വേത;സ്ത്രീകൾ വന്നപ്പോൾ സംഘടന കുളമായെന്ന പ്രതീതി ഉണ്ടായെന്ന് പിഷാരടി

സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി അമ്മ മാറിയെന്നും സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും ശ്വേത പറഞ്ഞു

'മീറ്റിംഗിൽ അപമാനിച്ചതിന് തെളിവുണ്ടെന്ന് ശ്വേത;സ്ത്രീകൾ വന്നപ്പോൾ സംഘടന കുളമായെന്ന പ്രതീതി ഉണ്ടായെന്ന് പിഷാരടി
dot image

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് നടി ശ്വേതാ മേനോന്‍. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കിയെന്നും കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം താന്‍ മിണ്ടാതെ ഇരുന്നതെന്നും നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും അവസരം തരണമെന്നും ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടു. അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗമായ രമേഷ് പിഷാരടിയോടാണ് ശ്വേത ഇക്കാര്യം പറഞ്ഞത്. ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നു.

'ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്‌റ്റേജില്‍ നിര്‍ത്തി അശ്ലീല വാക്കുകള്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് ഇതില്‍ വിഷമം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി അമ്മ മാറി. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. കുറ്റാരോപിതര്‍ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ധിഖിന് മൈക്ക് പിടിച്ചുവാങ്ങാനുളള അധികാരം ആരാണ് നല്‍കിയത്? അനൂപ് ചന്ദ്രന്‍ അടിക്കാന്‍ ഓങ്ങി. എല്ലാത്തിനും തെളിവുണ്ട്. കണക്കുകള്‍ തെളിയിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്': ശ്വേതാ മേനോന്‍ പറഞ്ഞു.

ബാബുരാജിന്റെ കമ്മിറ്റിയിലെ കണക്കുകള്‍ മുഴുവന്‍ തെറ്റാണെന്നും തനിക്കൊപ്പം കുറച്ച് കമ്മിറ്റി അംഗങ്ങളുണ്ടെന്നും ശ്വേത പറഞ്ഞു. ഒന്‍പതുപേരാണ് തനിക്കെതിരെ നിന്നതെന്നും മറ്റാരും യോഗത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്വേതാ മേനോന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ തലപ്പത്ത് വന്നപ്പോള്‍ സംഘടന കുളമായി എന്ന പ്രതീതി ഉണ്ടായി എന്ന് പിഷാരടി ശ്വേതയോട് പറഞ്ഞു. ഇനിയും ഒരു അവസരം തരാന്‍ തങ്ങള്‍ക്കാവില്ലെന്നും ജനറല്‍ ബോഡിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. 'ഇപ്പോ നിങ്ങള്‍ വരാന്‍ നോക്കിയാല്‍ നാറിപ്പോകും. നിങ്ങള്‍ 10 പൈസ കട്ടിട്ടില്ലെങ്കില്‍ നിസാരമല്ലേ. ആ കണക്ക് ശരിയാകുമല്ലോ. അത് ഞാന്‍ നാട്ടുകാരോട് പറഞ്ഞാല്‍ പോരേ. അന്ന് പറയുന്ന ദിവസം നിങ്ങള്‍ക്കുകൂടെ വരണമെങ്കില്‍ നിങ്ങളും വരൂ. അതിനെന്താണ് കുഴപ്പം? നിങ്ങളിപ്പോള്‍ രാജിവെച്ച് പേപ്പര്‍ കൊടുത്തില്ലെങ്കിലും പൊതുമാധ്യമങ്ങളിലുള്‍പ്പെടെ രാജിവെച്ചുവെന്ന് പറഞ്ഞ് പോയ ഒരാളാണ്. കണക്ക് കൊടുത്തില്ല എന്ന വിഷയത്തില്‍ രാജിവെച്ചിട്ട് ആ കണക്ക് ഞങ്ങള്‍ തന്നെ നോക്കണം എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ പ്രൂവ് ചെയ്താലും നാട്ടുകാര് സമ്മതിക്കില്ല. ദിലീപിനെ കോടതി വെറുതെവിട്ടു. എന്നിട്ട് നാട്ടുകാര് സമ്മതിക്കുന്നുണ്ടോ? നിങ്ങളിനി വന്ന് കണക്ക് ശരിയാക്കിയാലും കളളക്കണക്ക് ഉണ്ടാക്കി ശരിയാക്കിയെന്നേ പറയൂ. അകത്തുവന്ന് കണക്ക് ശരിയാക്കുക എന്നത് ബുദ്ധിയല്ല. മറ്റ് നാലുപേര്‍ നോക്കിയിട്ട് കണക്കില്‍ തെറ്റില്ല എന്ന് പറയുന്നതല്ലേ ശരി' എന്നും രമേശ് പിഷാരടി ശ്വേതാ മേനോട് ചോദിച്ചു.

Content Highlights: Amid rising tensions in the AMMA association, Shwetha Menon claimed she had proof of being humiliated at the meeting, while Ramesh Pisharody remarked on the negative perception created.

dot image
To advertise here,contact us
dot image