സൗദി മുതൽ തുർക്കി വരെ റെയിൽ പാത; സാധ്യതാ പഠനം ഈ വർഷം പൂർത്തിയാകും

അല്‍ ഹദീത ക്രോസിംഗ് വഴി ജോര്‍ദാന്‍ അതിര്‍ത്തി വരെ വ്യാപിപ്പിച്ചുകിടക്കുന്നതാണ് സൗദിയുടെ നിലവിലുള്ള ദേശീയ റെയില്‍ ശൃംഖല

സൗദി മുതൽ തുർക്കി വരെ റെയിൽ പാത; സാധ്യതാ പഠനം ഈ വർഷം പൂർത്തിയാകും
dot image

സൗദി അറേബ്യയില്‍ നിന്നും തുര്‍ക്കി വരെ നീളുന്ന റെയില്‍വെ ലൈനിന്റെ സാധ്യത പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലൂടെയാകും റെയില്‍വെ ലൈന്‍ കടന്നു പോകുക. മധ്യപൂര്‍വ്വദേശത്തെ വാണിജ്യ മേഖലയില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാകും സൗദി -തുര്‍ക്കി റെയില്‍വെ പദ്ധതി.

സൗദി-തുര്‍ക്കി റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നതിനെപ്പമാണ് സാധ്യതാപഠനവും എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളും പുരോഗമിക്കുന്നത്. പദ്ധതിയുടെ സാധ്യതാ പഠനം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അല്‍ജാസര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സുസ്ഥിരമായ കരഗതാഗത സംവിധാനം വികസിപ്പിക്കുക, വ്യാപാര ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഭാവിയില്‍ അന്താരാഷ്ട്ര തലത്തിലുള്ള റെയില്‍വേ കണക്റ്റിവിറ്റിയുടെ തന്ത്രപരമായ കേന്ദ്ര ബിന്ദുവായി ഈ പാത മാറുമെന്നും മന്ത്രി പറഞ്ഞു. തുര്‍ക്കിയുടെ റെയില്‍വേ ശൃംഖല സിറിയന്‍ നഗരമായ അലപ്പോയിലേക്ക് നീട്ടാന്‍ പദ്ധതിയിടുന്നതായി തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുല്‍ ഖാദിര്‍ ഉറലോഗ്ലു അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന ഹിജാസ് റെയില്‍വേയ്ക്ക് സമാനമായ രീതിയില്‍ പുതിയ പാത നിര്‍മിക്കുന്നതാണ് പദ്ധതി.

1900-നും 1908-നും ഇടയില്‍ നിര്‍മിക്കപ്പെട്ട ഹിജാസ് റെയില്‍വേ, ഡമാസ്‌കസിനും മദീനയ്ക്കും ഇടയില്‍ ഏകദേശം 1,322 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. പിന്നീട് 1,900 കിലോമീറ്ററോളം ഇത് വികസിപ്പിച്ചു. ഒരു നൂറ്റാണ്ടിന് ശേഷം ഈ പാതയെ ആധുനിക രീതിയില്‍ പുനരവതരിപ്പിക്കുന്നതിലൂടെ പശ്ചിമേഷ്യയിലെ ഗതാഗത, വാണിജ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ ഹദീത ക്രോസിംഗ് വഴി ജോര്‍ദാന്‍ അതിര്‍ത്തി വരെ വ്യാപിപ്പിച്ചുകിടക്കുന്നതാണ് സൗദിയുടെ നിലവിലുള്ള ദേശീയ റെയില്‍ ശൃംഖല.

Content Highlights: The feasibility study for the railway route from Saudi Arabia to Turkey is expected to be completed this year. The project is seen as a major step in connecting Gulf countries with Europe through an efficient rail corridor.

dot image
To advertise here,contact us
dot image