

ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഇടിയുന്ന പശ്ചാത്തലത്തില്‍, കറന്‍സി വിപണിയില്‍ നിര്‍ണ്ണായക ഇടപെടലുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ 'ഷോര്‍ട്ട് ഡോളര്‍ ബുക്ക്' ചരിത്രത്തിലാദ്യമായി 10,000 കോടി ഡോളര്‍ കടന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യം കുത്തനെ താഴേക്ക് പോകാതിരിക്കാന്‍ കേന്ദ്ര ബാങ്ക് നടത്തുന്ന അതിശക്തമായ പ്രതിരോധ നടപടിയാണിത്.
സാധാരണഗതിയില്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ആര്‍ബിഐ തങ്ങളുടെ പക്കലുള്ള ഡോളര്‍ ശേഖരം വിപണിയില്‍ വിറ്റഴിക്കാറുണ്ട്. എന്നാല്‍ നേരിട്ട് ഡോളര്‍ വില്‍ക്കുന്നതിന് പകരം, ഭാവിയില്‍ ഡോളര്‍ നല്‍കാമെന്ന കരാറിലേര്‍പ്പെടുന്ന ഫോര്‍വേഡ് മാര്‍ക്കറ്റ് ഇടപെടലുകളാണ് ഇപ്പോള്‍ ആര്‍ബിഐ ശക്തമാക്കിയിരിക്കുന്നത്. ഇതിനെയാണ് 'ഷോര്‍ട്ട് പൊസിഷന്‍' എന്ന് വിളിക്കുന്നത്. വിപണിയില്‍ ഡോളറിന്റെ ലഭ്യത ഉറപ്പാക്കാനും രൂപയുടെ മൂല്യം 96 എന്ന നിലവാരത്തിലേക്ക് താഴുന്നത് തടയാനും ഈ തന്ത്രം സഹായിക്കുന്നു.
റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ ഡെറിവേറ്റീവ്‌സ് മാര്‍ക്കറ്റില്‍ ആര്‍ബിഐ ഇടപെടല്‍ കുത്തനെ വര്‍ധദ്ധിച്ചു. ഇതോടെ ആര്‍ബിഐയുടെ നെറ്റ് ഷോര്‍ട്ട് ഡോളര്‍ പൊസിഷന്‍ 10,300 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഷോര്‍ട്ട് ഡോളര്‍ പൊസിഷനില്‍ 2540 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചരിത്രത്തിലാദ്യമായാണ് ആര്‍ബിഐയുടെ നെഗറ്റീവ് ഫോര്‍വേഡ് പൊസിഷന്‍ അല്ലെങ്കില്‍ ഷോര്‍ട്ട് ബുക്ക് ഇത്രയും വലിയ തുകയില്‍ എത്തുന്നത്. ഇത് വിപണിയിലെ അസാധാരണ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.90 കടന്ന് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ ആര്‍ബിഐക്ക് വലിയ തോതില്‍ ഇടപെടേണ്ടി വരുന്നു. നേരിട്ട് വിദേശ നാണ്യശേഖരം കുറയ്ക്കാതെ തന്നെ വിപണിയെ ശാന്തമാക്കാന്‍ ഫോര്‍വേഡ് കരാറുകള്‍ ആര്‍ബിഐയെ സഹായിക്കുന്നു. എങ്കിലും, ഭാവിയില്‍ ഈ ഡോളര്‍ നല്‍കേണ്ടി വരും എന്നത് ബാധ്യതയായി നിലനില്‍ക്കുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും രൂപയെ സമ്മര്‍ദത്തിലാക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ആര്‍ബിഐ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കുന്നുവെന്നാണ് ഈ 10,000 കോടി ഡോളറിന്റെ ഷോര്‍ട്ട് ബുക്ക് വ്യക്തമാക്കുന്നത്. വരും ആഴ്ചകളില്‍ ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാത്രമേ രൂപയുടെ നില ഭദ്രമാകുമോ എന്ന് പറയാന്‍ സാധിക്കൂ.
Content Highlights: RBI's Short Dollar Book Surges Past $100 Billion For First Time - The Indian central bank's intervention in the derivatives market rose sharply in March with its net short dollar position surging to a record $103 billion. Net short dollar positions rose $25.4 billion from February, according to Bloomberg calculations based on Reserve Bank of India data released Thursday.