

ദുബായില്‍ പൊതുഗതാഗത രംഗത്ത് കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതേറിറ്റി. 726 പുതിയ ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണമാണ് ആര്‍ടിഎ പുതിയതായി പൂര്‍ത്തിയാക്കിയത്. എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സജ്ജമാക്കിയിരിക്കുന്ന ഷെല്‍ട്ടറുകള്‍ പ്രതിവര്‍ഷം 19.2 കോടിയിലേറെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് 726 പുതിയ ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണം റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൂര്‍ത്തിയാക്കിയത്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.
ചില പ്രധാന കേന്ദ്രങ്ങളിലെ ഷെല്‍ട്ടറുകളിലൂടെ പത്തിലധികം ബസ് റൂട്ടുകള്‍ കടന്നുപോകുന്നുണ്ട്. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് ഏഴ് വ്യത്യസ്ത മാതൃകകളിലാണ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രതിദിനം 750-ല്‍ അധികം യാത്രക്കാര്‍ എത്തുന്ന പ്രധാന സ്റ്റോപ്പുകളില്‍ നിന്ന് നൂറില്‍ താഴെ ആളുകള്‍ എത്തുന്ന ഇടങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന സ്റ്റോപ്പുകളില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഭാഗവും തുറസ്സായ തണല്‍ ഇടങ്ങളും പരസ്യങ്ങള്‍ക്ക് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ബസ് റൂട്ടുകളുടെ മാപ്പുകള്‍, സമയക്രമം തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന രീതിയിലാണ് എല്ലാ ഷെല്‍ട്ടറുകളും നിര്‍മിച്ചിരിക്കുന്നത്. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുതിയ പദ്ധതി.
Content Highlights: Dubai has taken a significant step in improving its public transportation system. The Dubai Roads and Transport Authority has constructed 726 bus shelters across the city, aiming to enhance passenger comfort and overall transit infrastructure.