വ്യോമയാന നിയമ ലംഘനങ്ങൾ; സൗദിയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ 1.38 കോടി റിയാലിന്റെ പിഴ

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാനകമ്പനികള്‍ക്കെതിരെ 67 ലക്ഷത്തിലധികം റിയാലും പിഴ ചുമത്തി

വ്യോമയാന നിയമ ലംഘനങ്ങൾ; സൗദിയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ 1.38 കോടി റിയാലിന്റെ പിഴ
dot image

സൗദി അറേബ്യയില്‍ വ്യോമയാന നിയമ ലംഘനങ്ങളുടെ പേരില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ചുമത്തിയത് 1.38 കോടി റിയാലിന്റെ പിഴ. വ്യോമയാന നിയമങ്ങള്‍ ലംഘിച്ച നിരവധി വിമാനകമ്പനികള്‍ക്കും പിഴ ഈടാക്കി. വിമാനം റദ്ദാക്കല്‍, വൈകല്‍ ഉള്‍പ്പെടെയുള്ള പരാതികളിലും പിഴ ചുമത്തി.

സിവില്‍ ഏവിയേഷന്‍ നിയമവും എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന്റെ പേരിലാണ് നടപടി. സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം നിയമ ലംഘകരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ 1.38 കോടി റിയാലാണ് പിഴ ചുമത്തിയത്. 609 ലംഘനങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. 43 നിയമ ലംഘനങ്ങളായിരുന്നു വ്യക്തികള്‍ക്കെതിരെ രേഖപ്പെടുത്തിയത്. ഇതില്‍ പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച നാല് പേരും ഉള്‍പ്പെടുന്നു. 9,500 റിയാല്‍ വീതമാണ് ഓരോരുത്തര്‍ക്കും പിഴ.

വിമാനത്തില്‍ മോശമായ പെരുമാറ്റം നടത്തിയ 37 യാത്രക്കാര്‍ക്ക് 26,900 റിയാലും വ്യോമസുരക്ഷാ എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ക്ക് മൂന്ന് ലക്ഷം റിയാലും പിഴ ചുമത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാനകമ്പനികള്‍ക്കെതിരെ 67 ലക്ഷത്തിലധികം റിയാലും പിഴ ചുമത്തി. വിമാനങ്ങള്‍ വൈകല്‍ റദ്ദാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 136 പരാതികളില്‍ 50 ലക്ഷത്തിലധികം റിയാലാണ് പിഴ ഈടാക്കിയത്. ‌

എക്‌സിക്യൂട്ടീവ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ ലംഘിച്ച കമ്പനികള്‍ക്കെതിരെ 16 കേസുകളിലായി 11 ലക്ഷത്തിലധികം റിയാല്‍ പിഴ ചുമത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ പൈലറ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒരാളില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കിയതായും സിവില്‍ ഏവിയേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Saudi authorities have fined individuals and organizations a total of 1.38 crore riyals for violations of aviation laws. The action underscores stricter enforcement of safety and regulatory compliance in the country’s aviation sector.

dot image
To advertise here,contact us
dot image