'സ്വന്തം ഉത്തരവാദിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം'; ഉമർ ഖാലിദ് വിഷയത്തിൽ മംദാനിക്കെതിരെ കേന്ദ്രം

വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് അധികാരത്തിലിരിക്കുന്നവർക്ക് ചേർന്നതല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

'സ്വന്തം ഉത്തരവാദിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം'; ഉമർ ഖാലിദ് വിഷയത്തിൽ മംദാനിക്കെതിരെ കേന്ദ്രം
dot image

ന്യൂഡൽഹി: ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായി ബന്ധപ്പെട്ട അനുചിത പ്രസ്താവനകൾ ഒഴിവാക്കണമെന്നും മറ്റൊരു രാജ്യത്തെ ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തരുതെന്നുമാണ് മംദാനിക്കെതിരായ പ്രതികരണം. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു പൂർവവിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് മംദാനി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

'മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജനപ്രതിനിധികൾ നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് അധികാരത്തിലിരിക്കുന്നവർക്ക് ചേർന്നതല്ല. അത്തരം പരാമർശങ്ങൾക്ക് പകരം, സ്വന്തം കടമകളിലും ഉത്തരവാദിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം' എന്നാണ് മംദാനിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം.

ന്യൂയോർക്ക് മേയറായി മംദാനി അധികാരത്തിലേറിയ ദിവസമാണ് ഉമറിന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമത്തിലൂടെ കത്ത് പങ്കുവെച്ചിരുന്നത്. പ്രിയപ്പെട്ട ഉമർ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്തിൽ, കയ്പിനെ കുറിച്ചും സ്വയം നശിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ഉമറിൻ്റെ വാക്കുകൾ താൻ ഓർക്കാറുണ്ടെന്ന് മംദാനി പറഞ്ഞിരുന്നു. ഉമറിന്റെ മാതാപിതാക്കളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തങ്ങളുടെ എല്ലാവരുടെയും ചിന്തയിൽ നീയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സൊഹ്റാൻ മംദാനി കത്ത് അവസാനിപ്പിച്ചത്.

വിഷയത്തിൽ മംദാനിക്കെതിരെ ബിജെപിയും രംഗത്തുവന്നിരുന്നു. ന്യൂയോർക്ക് മേയർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഒരു കുറ്റാരോപിതനെ പിന്തുണച്ചോ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയോ ചെയ്താൽ രാജ്യം അത് സഹിക്കില്ലെന്നായിരുന്നു മംദാനിയുടെ പേരെടുത്ത് പറയാതെ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.

Content Highlights : india to zohran mamdani over umar khalid remark

dot image
To advertise here,contact us
dot image