'ജയ് ഷാ ഒരു ബാറ്റുപോലും പിടിച്ചിട്ടില്ല, ക്രിക്കറ്റ് ഹൈജാക്ക് ചെയ്യപ്പെട്ടു'; ആഞ്ഞടിച്ച് BCB മുന്‍ സെക്രട്ടറി

ലോകകപ്പ് ഒരു ആഭ്യന്തര ടൂർണമെന്റ് അല്ലെന്നും ഐ‌പി‌എൽ പോലെ ലോകകപ്പ് ബഹിഷ്‌കരിക്കാൻ സാധിക്കില്ലെന്നും ഹഖ് ചൂണ്ടിക്കാട്ടി

'ജയ് ഷാ ഒരു ബാറ്റുപോലും പിടിച്ചിട്ടില്ല, ക്രിക്കറ്റ് ഹൈജാക്ക് ചെയ്യപ്പെട്ടു'; ആഞ്ഞടിച്ച് BCB മുന്‍ സെക്രട്ടറി
dot image

ഐസിസി ചെയർമാൻ‌ ജയ് ഷായ്ക്കും ഏഷ്യയിലെ ക്രിക്കറ്റ് ഭരണകൂടത്തിനുമെതിരെ രൂക്ഷവിമർശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മുൻ ജനറൽ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മുൻ സിഇഒയുമായ സയ്യിദ് അഷ്‌റഫുൾ ഹഖ്. ക്രിക്കറ്റിന്റെ സിസ്റ്റം രാഷ്ട്രീയക്കാർ കൈയടക്കിയിരിക്കുന്നുവെന്നാണ് അഷ്‌റഫുൾ ഹഖ് തുറന്നടിച്ചത്. ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ‌ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ബിസിബിയും തർക്കത്തിലായ സാഹ​ചര്യത്തിലാണ് അഷ്‌റഫുൾ ഹഖ് ജയ് ഷായ്‌ക്കെതിരെയും ഇന്ത്യയിലും ബംഗ്ലാദേശിലും ക്രിക്കറ്റ് ഭരണത്തിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് വ്യക്തികൾക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചത്.

'ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്താനിലും മുഴുവൻ ക്രിക്കറ്റ് സിസ്റ്റവും രാഷ്ട്രീയക്കാർ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ. ജഗ്മോഹൻ ഡാൽമിയ, ഐഎസ് ബിന്ദ്ര, മാധവറാവു സിന്ധ്യ, എൻകെപി സാൽവെ, എൻ ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം വഹിച്ചിരുന്നെങ്കിൽ ഇങ്ങനെയെല്ലാം സംഭവിക്കുമായിരുന്നോ? ഇല്ല, കാരണം അവരെല്ലാം പക്വതയുള്ള ആളുകളായിരുന്നു. അവർക്ക് ക്രിക്കറ്റിനെ കുറിച്ചറിയാം. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അവർ മനസ്സിലാക്കിയിട്ടുണ്ട്', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹഖ് പറഞ്ഞു.

ലോകകപ്പ് ഒരു ആഭ്യന്തര ടൂർണമെന്റ് അല്ലെന്നും ഐ‌പി‌എൽ പോലെ ലോകകപ്പ് ബഹിഷ്‌കരിക്കാൻ സാധിക്കില്ലെന്നും ഹഖ് ചൂണ്ടിക്കാട്ടി. 'ക്രിക്കറ്റ് ഭരണവ്യവസ്ഥ പൂർണ്ണമായും ഹൈജാക്ക് ചെയ്യപ്പെട്ട അവസ്ഥയാണ്. അവിടെ ഒരിക്കലും ക്രിക്കറ്റ് ബാറ്റ് പിടിക്കാത്ത ആളുകളുണ്ട്. ഇന്ത്യയുടെ കാര്യത്തിലാണെങ്കിൽ ഒരു മത്സര മത്സരത്തിൽ പോലും ക്രിക്കറ്റ് ബാറ്റ് പോലും പിടിച്ചിട്ടില്ലാത്ത ജയ് ഷായുണ്ട്. ബംഗ്ലാദേശ് ഇന്ത്യയിലേക്ക് പോകരുതെന്ന് ഞങ്ങളുടെ കായിക ഉപദേഷ്ടാവ് പ്രസ്താവന നടത്തുന്നു. ഒന്ന് ആലോചിച്ചു നോക്കൂ. ഇതൊരു ലോകകപ്പ് പരിപാടിയാണ്. ഇത് ഐപിഎൽ അല്ല. ഐപിഎൽ ഒരു ആഭ്യന്തര ടൂർണമെന്റാണ്. ലോകകപ്പ് ഒരു അന്താരാഷ്ട്ര ടൂർണമെന്റാണ്. ഇതുപോലുള്ള അവിവേകമായ പ്രസ്താവനകൾ നടത്താൻ നിങ്ങൾക്ക് കഴിയില്ല', ഹഖ് കൂട്ടിച്ചേർത്തു.

Content Highlights: Jay Shah has never held a bat, cricket ecosystem is hijacked: Criticizes Ex BCB secretary

dot image
To advertise here,contact us
dot image