'അയാൾ ഇന്ത്യൻ ഏജന്റ്'; മുൻ ക്യാപ്റ്റനെതിരെ ബിസിബി അംഗം, വേദിമാറ്റത്തിൽ ബംഗ്ലാദേശിൽ തന്നെ പൊട്ടിത്തെറി

ബംഗ്ലാദേശ് മുന്‍ താരത്തിനെതിരായ ബോർഡംഗത്തിന്റെ ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്

'അയാൾ ഇന്ത്യൻ ഏജന്റ്'; മുൻ ക്യാപ്റ്റനെതിരെ ബിസിബി അംഗം, വേദിമാറ്റത്തിൽ ബംഗ്ലാദേശിൽ തന്നെ പൊട്ടിത്തെറി
dot image

ടി20 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) കടുപിടുത്തം പിടിക്കുകയാണ്. ഇതിനിടെ വിഷയത്തെച്ചൊല്ലി ബോർഡ് അം​ഗങ്ങൾക്കിടയിലും മുൻ താരങ്ങൾക്കിടയിലും ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബിസിബിയുടെ നിലപാടിൽ‌ എതിർപ്പ് പ്രകടപ്പിച്ച ബംഗ്ലാദേശ് മുൻ ക്യാപ്റ്റനായ തമീം ഇക്ബാലിനെ ആക്ഷേപിച്ചിരിക്കുകയാണ് ബിസിബി ഡയറക്ടർ ബോർഡിലെ പ്രമുഖ അംഗമായ എം നജ്മുൽ ഇസ്‌ലാം.

തമീം ഇക്ബാൽ ഇന്ത്യയുടെ ഏജന്റാണെന്നാണ് നജ്മുൽ ഇസ്‌ലാം ആരോപിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം. ബംഗ്ലാദേശ് മുന്‍ താരത്തിനെതിരായ ബോർഡംഗത്തിന്റെ ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങളുടെ വേദികൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യത്തിനെതിരെ കഴിഞ്ഞദിവസ‌മാണ് തമീം ഇക്ബാൽ രംഗത്തെത്തിയത്. ബിസിബിയുടെ ഈ നിലപാടിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുൻ താരത്തിന്റെ വിമർശനം. ഐസിസിയിൽ നിന്ന് 95% സാമ്പത്തിക സഹായങ്ങൾ ബോർഡിന് ലഭിക്കുന്നുണ്ടെന്നും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന് മുൻപ് ബോർഡിനുള്ളിൽ തന്നെ കൃത്യമായി ചർച്ച ചെയ്യണമെന്നുമായിരുന്നു തമീം അദ്ദേഹം പറഞ്ഞു. ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താൽപര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശവും തമീം മുന്നോട്ടുവെച്ചിരുന്നു.

എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബിസിബി ഡയറക്ടർമാരിലൊരാളായ നജ്മുൽ തമീമിനെതിരേ ആഞ്ഞടിച്ചത്. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നായിരുന്നു തമീമിന്റെ ചിത്രം പങ്കുവെച്ച് നജ്മുൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതി‌നുപിന്നാലെ തമീമിന്റെ ആരാധകരടക്കം വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കടുത്ത നടപടികളിലേക്ക് കടന്നത്. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് ബം​ഗ്ലാദേശ് താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടത്. ഇത് വലിയ വിവാദമായതിനുപിന്നാലെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് ബം​ഗ്ലാദേശ് അറിയിക്കുകയും രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം വിലക്കുകയും ചെയ്തിരുന്നു.

Content Highlights: Tamim Iqbal ​is Indian agent: BCB official sparks outrage after bizarre remark on Bangladesh Ex captain

dot image
To advertise here,contact us
dot image