കടകംപള്ളിയുടെ അഭിമുഖമാണോ SIT രേഖപ്പെടുത്തിയത്, സ്വർണക്കൊള്ളയിൽ തന്ത്രിയും മന്ത്രിയും ഉത്തരവാദികൾ:സണ്ണി ജോസഫ്

'തന്ത്രിയെക്കാൾ മുകളിലാണ് ദേവസ്വം ബോർഡ്‌. തന്ത്രിയെ നിയന്ത്രിക്കേണ്ടത് മന്ത്രി ആയിരുന്നു. മുഴുവൻ കള്ളൻമാരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം'

കടകംപള്ളിയുടെ അഭിമുഖമാണോ SIT രേഖപ്പെടുത്തിയത്, സ്വർണക്കൊള്ളയിൽ തന്ത്രിയും മന്ത്രിയും ഉത്തരവാദികൾ:സണ്ണി ജോസഫ്
dot image

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയും മുൻ ദേവസ്വം മന്ത്രിയും ഉത്തരവാദികളെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തന്ത്രിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്ത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാൽ മന്ത്രിയെ ചോദ്യം ചെയ്തത് എവിടെവരെ ആയി എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇരിട്ടിയിൽ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് തനിക്ക് പറയാനുള്ള കാര്യം അവർ കേട്ടു എന്നാണ്. കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്തുകയായിരുന്നോ അന്വേഷണ സംഘം എന്നതാണ് തങ്ങളുടെ ചോദ്യം. മന്ത്രിയെ ചോദ്യം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിന്റെ ഫലമെന്തെന്നും അറിയാൻ കേരളത്തിലെ ജനങ്ങൾക്കും വിശ്വാസികൾക്കും അവകാശമുണ്ട്. കേസിൽ ഉന്നതരെ പിടികൂടേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞു. ഉന്നതരുടെ നിർദേശം ഇല്ലാതെ സ്വർണം മോഷ്ടിക്കാൻ കഴിയില്ല. വ്യാപകമായ അന്തർദേശീയ ബന്ധമുള്ള കൊള്ളയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽനിന്ന് മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെടുക്കാനോ വീണ്ടെടുക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനും ആയിട്ടില്ല. പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിച്ച് പോരുന്നത്. എല്ലാ പ്രതികളെയും പിടികൂടാനും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനുള്ള നടപടി അതിവേഗത്തിലുണ്ടാകണം. കേസിലെ പ്രതിയായ വാസു അടക്കമുള്ളവരെ സിപിഐഎം നേതൃത്വം ഇപ്പോഴും സംരക്ഷിക്കുകയാണ്. ഇത്തരമൊരു കേസിൽ ജാമ്യം പോലും ലഭിക്കാത്ത പ്രതികൾക്കെതിരെ ഒരു അക്ഷരം പോലും സിപിഐഎം മിണ്ടിയിട്ടില്ല, ഒരു നടപടി പോലും സ്വീകരിച്ചിട്ടുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വർണക്കൊള്ളയിൽ തന്ത്രിയും മന്ത്രിയുമെല്ലാം ഉത്തരവാദികൾ ആണ്. തന്ത്രിയെക്കാൾ മുകളിൽ ആണ് ദേവസ്വം ബോർഡ്‌. തന്ത്രിയെ നിയന്ത്രിക്കേണ്ടത് മന്ത്രി ആയിരുന്നു. മുഴുവൻ കള്ളൻമാരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. അന്വേഷണത്തിൽ പൂർണ തൃപ്തി ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Content Highlights : KPCC President Sunny Joseph says Tantri Kandararu Rajeevaru and former Minister Kadakampally Surendran are responsible for Sabarimala gold theft

dot image
To advertise here,contact us
dot image