

ഖത്തറിലേക്ക് വരികയോ പുറത്തേക്ക് പോവുകയോ ചെയ്യുന്ന യാത്രക്കാർക്ക് നിശ്ചിത ഉപാധികളോടെ കൊണ്ടുവരാൻ സാധിക്കുന്ന 140 നിയന്ത്രിത മരുന്നുകളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. യാത്രക്കാർക്കായി അടുത്തിടെ ആരംഭിച്ച പുതിയ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് നടപടി.
പുതിയ ഇ-സിസ്റ്റത്തിന്റെ മാർഗ്ഗരേഖ അനുസരിച്ച്, ഉപാധികളോടെ അനുമതിയുള്ള നാർക്കോട്ടിക് വിഭാഗത്തിൽപ്പെട്ട 61 മരുന്നുകളും സൈക്കോട്രോപ്പിക് വിഭാഗത്തിൽപ്പെട്ട 79 മരുന്നുകളുമാണ് പട്ടികയിലുള്ളത്. ഖത്തറിലേക്ക് എത്തുന്ന അല്ലെങ്കിൽ പുറത്തേക്ക് പോകുന്ന യാത്രക്കാർക്ക് സ്വന്തം വ്യക്തിഗത ഉപയോഗത്തിനായുള്ള ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നതിന് മുൻകൂട്ടി ഇ-പെർമിറ്റിനായി അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി പരിശോധിക്കാനും അനുമതിപത്രം ഓൺലൈനായി നേടാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
അന്താരാഷ്ട്ര തലത്തിലോ പ്രാദേശികമായോ നിരോധിച്ച മരുന്നുകളും പദാർത്ഥങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി അനുമതി പത്രം ലഭിക്കാത്ത യാത്രക്കാർ രാജ്യത്തെ വിമാനത്താവളങ്ങളിലോ മറ്റ് അതിർത്തികളിലോ എത്തുമ്പോൾ തങ്ങളുടെ പക്കലുള്ള മരുന്നുകളുടെ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്. ഇതിനായി കൃത്യമായ മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കേണ്ടതുണ്ട്.
വ്യക്തിഗത ഉപയോഗത്തിനായുള്ള മരുന്നുകൾക്ക് അനുമതി ലഭിക്കുന്നതിന് ഇംഗ്ലീഷിലോ അറബിയിലോ ഉള്ള മെഡിക്കൽ റിപ്പോർട്ടും കുറിപ്പടിയും സമർപ്പിക്കണം. രോഗിയുടെ പൂർണ്ണമായ പേര്, രോഗവിവരം, മരുന്നിന്റെ പേര്, അളവ്, ചികിത്സാ കാലാവധി, നൽകിയ തീയതി, ചികിത്സിച്ച ഡോക്ടറുടെ പേരും ഒപ്പും സീലും എന്നിവ ഇതിൽ വ്യക്തമായിരിക്കണം. ഈ രേഖകൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അംഗീകൃത ആശുപത്രികളിൽ നിന്നും നൽകിയതായിരിക്കണം. കൂടാതെ പാസ്‌പോർട്ടിന്റെയോ ഖത്തർ ഐഡിയുടെയോ പകർപ്പും മരുന്ന് വ്യക്തിഗത ആവശ്യത്തിന് മാത്രമുള്ളതാണെന്ന സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്.
കൊണ്ടുവരാവുന്ന മരുന്നുകളുടെ അളവിലും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. നാർക്കോട്ടിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ പരമാവധി 10 ദിവസത്തെ ഉപയോഗത്തിനുള്ളത് മാത്രമേ കൊണ്ടുവരാവൂ. അതേസമയം, സൈക്കോട്രോപ്പിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ 60 ദിവസത്തെ ചികിത്സയ്ക്കുള്ളത് വരെ കൈവശം വെക്കാവുന്നതാണ്. കൂടുതൽ ദിവസങ്ങളിലേക്ക് മരുന്ന് ആവശ്യമായി വരുന്നവർ ഖത്തറിലെത്തിയ ശേഷം ലൈസൻസുള്ള ഡോക്ടറെ കണ്ട് മെഡിക്കൽ ഫയൽ തുറന്ന് മരുന്നുകൾ വാങ്ങേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlights: Qatar has introduced new regulations for bringing medicines into the country. Under the updated rules, travellers are required to obtain an electronic permit, making the process more regulated and streamlined.