'സത്യം പറഞ്ഞാൽ ബുംറയെ പേടിയുണ്ടായിരുന്നു'; തുറന്നുപറഞ്ഞ് വൈഭവ് സൂര്യവംശി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 39 റണ്‍സെടുത്ത വൈഭവ് ബുംറയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി ഞെട്ടിച്ചിരുന്നു

'സത്യം പറഞ്ഞാൽ ബുംറയെ പേടിയുണ്ടായിരുന്നു'; തുറന്നുപറഞ്ഞ് വൈഭവ് സൂര്യവംശി
dot image

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ ജസ്പ്രീത് ബുംറയെ നേരിടുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശി.

സത്യം പറഞ്ഞാൽ ബുംറയെ നേരിടാനൊരുങ്ങുമ്പോള്‍ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. കാരണം മുന്നിൽ നിൽക്കുന്നത് ബുംറയെപ്പോലൊരു വലിയ താരമാണ്. എന്നാൽ ബൗളറെ നോക്കുന്നതിന് പകരം പന്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്‍റെ കളിയിലും കഴിവിലും വിശ്വസിച്ചു - വൈഭവ് പറഞ്ഞു.

മുംബൈക്കെതിരെ തകര്‍ത്തടിച്ചെങ്കിലും എന്താണ് നിരാശപ്പെടുത്തുന്നത് എന്ന ചോദ്യത്തോട് രണ്ട് കളികളിലും മികച്ച തുടക്കമിട്ടശേഷം നല്ല ഷോട്ട് കളിച്ച് പുറത്തായത് നിരാശപ്പെടുത്തിയെന്ന് വൈഭവ് പറഞ്ഞു. ആദ്യ കളിയിലും മികച്ച ഷോട്ട് കളിച്ചപ്പോഴാണ് പുറത്തായത്. മുംബൈക്കെതിരെ മുഴുവന്‍ ഓവറും ക്രീസില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിച്ചത്. എങ്കില്‍ കുറച്ചുകൂടി വലിയ സ്കോര്‍ നമുക്ക് നേടാനാവുമായിരുന്നു. എന്നാലും അടുത്ത കളിയില്‍ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും വൈഭവ് പറഞ്ഞു.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 39 റണ്‍സെടുത്ത വൈഭവ് ബുംറയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി ഞെട്ടിച്ചിരുന്നു. ബുറയെ അതേ ഓവറില്‍ ഒരു തവണ കൂടി സിക്സിന് തൂക്കിയ വൈഭവ് അഞ്ച് സിക്സ് അടക്കമാണ് 39 റണ്‍സടിച്ചത് മത്സരശേഷം രാജസ്ഥാൻ റോയൽസ് ടീം മാനേജര്‍ റോമി ഭിന്ദറിനോട് സംസാരിക്കവെയാണ് ആദ്യമായി ബുംറയെ നേരിട്ട അനുഭവത്തെക്കുറിച്ച് വൈഭവ് തുറന്നുപറഞ്ഞത്.

മുംബൈക്കെതിരായ മത്സരത്തില്‍ വൈഭവിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകർപ്പൻ ബാറ്റിംഗാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 32 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ ജയ്‌സ്വാളിന്‍റെ മികവിൽ രാജസ്ഥാൻ 11 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സടിച്ചു. 151 റൺസ് ലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമാണ് നേടാനായത്.

Content highlights:Vaibhav Sooryavanshi response about bumra bowling in ipl 2026

dot image
To advertise here,contact us
dot image