വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യം; ഖത്തറിലെ സ്കൂളുകളിൽ മുൻകരുതലുകൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യത്തെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്

വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യം; ഖത്തറിലെ സ്കൂളുകളിൽ മുൻകരുതലുകൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
dot image

ഓണ്‍ലൈന്‍ പഠനത്തിന് ശേഷം ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ സുരക്ഷാ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ അടുത്ത മാസം ഒന്നിന് അധ്യായനം പുനരാരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് മാസം ആദ്യം മുതല്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ മുതലാണ് സ്‌കൂളികളിലേക്ക് മടങ്ങി എത്തിയത്. നീണ്ട 28 ദിവസത്തിന് ശേഷമാണ് വീണ്ടും ക്ലാസ് മുറികള്‍ സജീവമായത്. സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രമീകരണങ്ങളുമാണ് ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യത്തെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 4.17 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതു-സ്വകാര്യ വിദ്യാലയങ്ങളില്‍ എത്തിയത്. ഖത്തറിലെ എല്ലാ സ്‌കൂളുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ അധ്യായന അന്തരീക്ഷം ഉറപ്പാക്കാന്‍ അധ്യാപകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിപുലമായ ബോധവത്ക്കരണ പരിപാടികളും നടന്നുവരുന്നു. കഴിഞ്ഞയാഴ്ച നടന്ന വര്‍ക്ക്ഷോപ്പുകളില്‍ 1,200-ഓളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ഒഴിപ്പിക്കല്‍ നടപടികള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നീ കാര്യങ്ങളില്‍ ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അടിയന്തര ഒഴിപ്പിക്കല്‍ സാഹചര്യമുണ്ടായാല്‍ പരിഭ്രാന്തരാകാതെ സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും എലിവേറ്ററുകള്‍ ഒഴിവാക്കി ഗോവണികള്‍ മാത്രം ഉപയോഗിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്‌കൂള്‍ പരിസരത്തെ നിശ്ചിത സുരക്ഷിത കേന്ദ്രങ്ങളിലോ അസംബ്ലി പോയിന്റുകളിലോ മാത്രം ഒത്തുകൂടണം. അധികൃതരുടെ നിര്‍ദ്ദേശം ലഭിക്കുന്നതുവരെ അവിടെത്തന്നെ തുടരണം. പുറത്ത് അപകടസാഹചര്യമുണ്ടെങ്കില്‍ കെട്ടിടത്തിനകത്തെ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Content Highlights: Qatar’s Interior Ministry has strengthened safety measures in schools to ensure student security. Enhanced precautions come amid regional concerns, focusing on preparedness and protection.

dot image
To advertise here,contact us
dot image