ഖത്തറിലെ മലയാളി ഫോട്ടോ​ഗ്രാഫർമാരെ ബഹ്റൈനിൽ വിളിച്ചുവരുത്തി 40 ലക്ഷം രൂപയുടെ തട്ടിപ്പ്

ഒരു കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ഷൂട്ടിനെന്ന വ്യാജേനെയാണ് മലയാളികളായ മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ തട്ടിപ്പ് സംഘം ബഹ്‌റിനിലേക്ക് വിളിച്ച് വരുത്തിയത്

dot image

ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫര്‍മാരെ ബഹ്‌റൈനിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പ് നടത്തിയതായി പരാതി. 40 ലക്ഷം രൂപയിലധികം വിലയുളള കാമറകളും അനുബന്ധ ഉപകരണങ്ങളും കവര്‍ന്നു എന്നാണ് ആരോപണം. വാട്‌സാപ്പ് വഴി ഫോട്ടോഗ്രാഫര്‍മാരുമായി ബന്ധം സ്ഥാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയോ പ്രൊമോഷന്‍ ഷൂട്ടിനെന്ന വ്യാജേന ബഹ്‌റൈനിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു തട്ടിപ്പ് നടത്തിയത്.

ഒരു കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ഷൂട്ടിനെന്ന വ്യാജേനെയാണ് മലയാളികളായ മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ തട്ടിപ്പ് സംഘം ബഹ്‌റിനിലേക്ക് വിളിച്ച് വരുത്തിയത്. കമ്പനി സി ഇ ഒയുമായുളള ഇന്റര്‍വ്യൂ ഉൾപ്പെടെ കവര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. പ്രതിഫലമായി ഉയര്‍ന്ന സംഖ്യ നല്‍കാമെന്നും വാഗ്ദാനം നല്‍കി. വിമാന ടിക്കറ്റുകളും രണ്ട് ദിവസത്തെ സ്റ്റാര്‍ ഹോട്ടല്‍ താമസവും നല്‍കാമെന്നും തട്ടിപ്പുകാര്‍ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശിയും മറ്റ് രണ്ട് പേരും ബഹ്‌റൈനില്‍ എത്തിയത്.

പരസ്പരം പരിചയമില്ലാതിരുന്ന മൂന്ന് പേര്‍ക്കും വ്യത്യസ്ത ഹോട്ടലുകളിലായിരുന്നു താമസം ഒരുക്കിയത്. ഇതിന് പിന്നാലെ കാമറയും അനുബന്ധ ഉപകരണങ്ങളും ഹോട്ടല്‍ മുറിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ച ശേഷം മീറ്റിങ്ങിനായി മറ്റൊരു ഹോട്ടലില്‍ എത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ അരെയും കാണാന്‍ സാധിച്ചില്ല. ഈ സമയമാണ് തട്ടിപ്പിനായി തെരഞ്ഞെടുത്തത്. ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഫോട്ടോഗ്രാഫര്‍മാര്‍ തിരിച്ചറിഞ്ഞത്.

യാതൊരു തരത്തിലുളള സംശയത്തിനും ഇടനല്‍കാതെയായിരുന്നു തട്ടിപ്പുകാരുടെ പെരുമാറ്റമെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞു. അഞ്ചോളം കാമറകള്‍, പതിനൊന്ന് കാമറ ലെന്‍സുകള്‍, ഫോണുകള്‍, ഐപാഡുകള്‍ എന്നിവയടക്കം 40 ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. ഇതിന് പുറമെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന ഖത്തര്‍ റിയാലും നഷ്ടമായി.

തട്ടിപ്പു നടത്തിയ വ്യക്തിയുടെ പേരിലെടുത്ത റൂമിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍ക്ക് താമസം ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിയുടേതെന്ന് കരുതുന്ന പാസ്‌പോർട്ട് കോപ്പി ഹോട്ടലില്‍ നിന്ന് ലഭിച്ചു. ഏഷ്യന്‍ വംശജനെന്ന് സംശയിക്കുന്ന പ്രതി രാജ്യം വിട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Content Highlights: Malayali photographers in Qatar were summoned to Bahrain and defrauded of Rs. 40 lakhs

dot image
To advertise here,contact us
dot image