വെയിലത്ത് ഇനി പണിയെടുക്കണ്ട, ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ചകഴിയും വരെ പുറം ജോലികൾക്ക് നിയന്ത്രണം

പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാലാണ് ഈ നടപടി

dot image

ദോഹ : വേനൽ ചൂട് കടുത്തതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതലാണ് നിയന്ത്രണം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായിട്ടാണ് പുതിയ തീരുമാനം.

ജൂൺ ഒന്ന് മുതൽ രാവിലെ 10 മണി തൊട്ട് വൈകിട്ട് 3:30 വരെ തൊഴിലാളികളെകൊണ്ട് പുറം ജോലി ചെയ്യിക്കാൻ പാടില്ല. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാലാണ് ഈ നടപടി.

എല്ലാ വർഷവും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കമ്പനികൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് നിർമാണ മേഖലകളിൽ മന്ത്രാലയത്തിന്റെ കർശന പരിശോധനകൾ ആരംഭിക്കും.

നിയമം പാലിക്കാത്തവർക്കെതിരെ അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. നിലവിൽ ഖത്തറിൽ പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. സാധാരണഗതിയിൽ ഉച്ച സമയത്തെ ഈ തൊഴിൽ നിയന്ത്രണം മൂന്ന് മാസത്തിലേറെ നീണ്ടുനിൽക്കാറുണ്ട്.

Content Highlights: Midday break law in Qatar from June 1st

dot image
To advertise here,contact us
dot image