
ദോഹ: കടൽമാർഗം ഖത്തറിലെത്തുന്നവർക്ക് പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ഡിജിറ്റൽ സംവിധാനത്തിന് തുടക്കം. 'മിനാകോം' എന്നാണ് ഡിജിറ്റൽ പ്ളാറ്റ്ഫോമിൻ്റെ പേര്. ഖത്തറിൻ്റെ മറൈൻ ടൂറിസത്തിലേക്കുള്ള പ്രവേശന കവാടമായ ദോഹ തുറമുഖത്ത്, കടൽമാർഗം എത്തുന്നവർക്ക് പ്രവേശന നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുകയാണ് മിനാകോമിൻ്റെ ലക്ഷ്യം.
ഓൾഡ് ദോഹ തുറമുഖത്തിൻ്റെ വൈബ്സൈറ്റ് മുഖേനയാണ് മിനാകോം ഫോം പൂരിപ്പിക്കേണ്ടത്. തുടർന്ന് പോർട്ടിൻ്റെ അംഗീകൃത ലോജിസ്റ്റിക് ഏജൻ്റുമായി ഫോണിലൂടെ ബന്ധപ്പെട്ട് തന്നെ എല്ലാ നടപടികളും പൂർത്തിയാക്കാം. ഡിജിറ്റൽ സംവിധാനം നിലവിൽ വന്ന ശേഷം ഇതുവരെ 250 സ്വകാര്യ കപ്പലുകളുടെ പ്രവേശന നടപടിക്രമങ്ങളാണ് പൂർത്തിയാക്കിയത്. ഖത്തറിൻ്റെ മറൈൻ ടൂറിസത്തിൽ പ്രധാന പങ്ക് വഹിക്കുന്ന തുറമുഖമാണ് ദോഹ. കഴിഞ്ഞ സീസണിൽ മാത്രം 87 ആഡംബര കപ്പലുകളിലായി 3,96,265 സന്ദർശകരാണ് ഖത്തറിലേക്ക് എത്തിയത്.
ഖത്തർ സർക്കാർ സേവനങ്ങളിൽ ഇത്തരമൊരു പ്രവേശ നടപടിക്രമം ഇതാദ്യമായാണ് നടപ്പിലാക്കുന്നതെന്നാണ് വിവരം. പ്രവേശന നടപടിക്രമങ്ങൾ അനായാസം പൂർത്തിയാക്കാൻ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതോടെ ഖത്തറിൻ്റെ മറൈൻ ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
Content Highlight: Old Doha Port unveils Minakom