മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി, വൻ സ്വീകരണം

മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മൊഴി നല്‍കിയിരുന്നു

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി, വൻ സ്വീകരണം
dot image

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം നാലുമണിയോടെയാണ് പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയത്. വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് കോടതി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എം സി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.

കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ മന്ത്രിയെ മാരക ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാക്കി തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്നും ഭരണകൂട വേട്ടയാണ് നടന്നതെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എം സി പറഞ്ഞു. കേന്ദ്രത്തില്‍ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെയാണ് കേരളത്തിൽ ഇടതുപക്ഷമെന്നും അവർ തീവ്രവലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതുൽ വിമർശിച്ചു. എ എന്‍ ഷംസീറിന്റെ തിരക്കഥയില്‍ ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമയായിരുന്നു അന്ന് കണ്ണൂരിൽ നടന്നതെന്നും അതുൽ പരിഹസിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

'കണ്ണൂര്‍ ജില്ലയ്ക്കകത്തേക്ക് മന്ത്രി കടന്നുവന്നതു മുതല്‍ ജില്ലയില്‍ കെഎസ്‌യു പ്രതിഷേധമുണ്ടായിരുന്നു. മന്ത്രി തിരിച്ചുപോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോയതാണ്. അതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധമായിരുന്നു. ആ പ്രതിഷേധത്തെ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്നതടക്കമുളള വകുപ്പുകള്‍ ചുമത്തി ഞങ്ങളെ ജയിലിലടച്ചു. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായപ്പോള്‍ പി ജയരാജനെ തടഞ്ഞുവെച്ചുവെന്ന വ്യാജ പ്രചാരണം നടത്തി കേരളത്തില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടി ഇപ്പോള്‍ ആരോഗ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായി കോണ്‍ഗ്രസിനെ താറടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എസ്‌ഐ അടക്കമുളളവര്‍ ഞങ്ങളുടെ കൈവശം ആയുധമില്ലെന്ന് മൊഴി കൊടുത്തുകഴിഞ്ഞതാണ്. ഇതൊരു ഭരണകൂട വേട്ടയാണ്. കേന്ദ്രത്തില്‍ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തില്‍ ഇടതുപക്ഷം തീവ്രവലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. എഎന്‍ ഷംസീറിന്റെ തിരക്കഥയില്‍ ഗണ്‍മാന്റെ സംവിധാനത്തില്‍ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമയായിരുന്നു അത്': അതുല്‍ പറഞ്ഞു.

Content Highlights:Minister Veena George attack case; KSU workers released from jail

dot image
To advertise here,contact us
dot image