മകൻ അമ്മയ്‌ക്കൊപ്പം തന്നെ, പേരിൽ നിന്ന് 'വിജയ്' ഒഴിവാക്കി ജേസൺ സഞ്ജയ്; റിപ്പോർട്ട്

വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു

മകൻ അമ്മയ്‌ക്കൊപ്പം തന്നെ, പേരിൽ നിന്ന് 'വിജയ്' ഒഴിവാക്കി ജേസൺ സഞ്ജയ്; റിപ്പോർട്ട്
dot image

നടന്‍ വിജയ്‌യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ വിവാദം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ട്.

ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ജേസൺ സഞ്ജയ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. കാമറയ്ക്ക് പിന്നിലൂടെയാണ് താരപുത്രന്റെ തുടക്കം. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്താണ് ജേസൺ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറുന്നത്. വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

ഇതിനിടെ വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.

Content Highlights: Jason sanjay to remove vijay from his name in support of his mother sangeetha says reports

dot image
To advertise here,contact us
dot image