യുഎഇയിലെ എമിറേറ്റുകളിൽ അനുഭവപ്പെട്ട ദുർ​ഗന്ധത്തിന് കാരണം എണ്ണച്ചോർച്ച; സ്ഥിരീകരിച്ച് അധികൃതർ

അറബിക്കടലിൽ ടാങ്കർ കപ്പലിൽ നിന്നുണ്ടായ ചോർച്ചയെത്തുടർന്ന് ഉമ്മുൽ ഖുവൈനിലെ കടൽത്തീരങ്ങളിലാണ് മലിനീകരണം ആദ്യം പ്രകടമായത്

യുഎഇയിലെ എമിറേറ്റുകളിൽ അനുഭവപ്പെട്ട ദുർ​ഗന്ധത്തിന് കാരണം എണ്ണച്ചോർച്ച; സ്ഥിരീകരിച്ച് അധികൃതർ
dot image

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അനുഭവപ്പെട്ട രൂക്ഷമായ ഗന്ധത്തിന് പിന്നിൽ ടാങ്കർ കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയാണെന്ന് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെയും പൊതുജന സുരക്ഷയുടെയും ഭാഗമായി ഉമ്മുൽ ഖുവൈൻ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അറബിക്കടലിൽ ടാങ്കർ കപ്പലിൽ നിന്നുണ്ടായ ചോർച്ചയെത്തുടർന്ന് ഉമ്മുൽ ഖുവൈനിലെ കടൽത്തീരങ്ങളിലാണ് മലിനീകരണം ആദ്യം പ്രകടമായത്. തുടർന്ന് ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലും അസാധാരണമായ ഗന്ധം വ്യാപിക്കുകയായിരുന്നു. എന്നാൽ പ്രചരിക്കുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ഈ ഗന്ധം പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്നും കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഉമ്മുൽ ഖുവൈനിലെ മുഴുവൻ പൊതു ബീച്ചുകളും ഷാർജയിലെ അൽ ഹംറിയ ബീച്ചും റാസൽഖൈമയിലെ പ്രധാന കടൽത്തീരങ്ങളുമാണ് അടച്ചിട്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ സന്ദർശകർ പ്രവേശിക്കരുതെന്നും കടലിൽ ഇറങ്ങരുതെന്നും കർശന നിർദ്ദേശമുണ്ട്. ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിയുടെയും പരിസ്ഥിതി വകുപ്പിന്റെയും നേതൃത്വത്തിൽ കടലിലെയും തീരത്തെയും എണ്ണപ്പാടകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എണ്ണച്ചോർച്ച പൂർണ്ണമായും നിയന്ത്രണവിധേയമാകുന്നതുവരെ ബാധിത മേഖലകളിൽ മത്സ്യബന്ധനം നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുകയും പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രമേ ബീച്ചുകൾ വീണ്ടും തുറന്നുകൊടുക്കുകയുള്ളൂ. തീരദേശവാസികൾ ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും മാത്രം പിന്തുടരണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Content Highlights: UAE authorities have confirmed that an oil spill from a tanker caused the unusual fuel-like smell reported in Sharjah, Ajman and Umm Al Quwain. Officials say the odour poses no health risk.

dot image
To advertise here,contact us
dot image