

കൊച്ചി: സര്‍വകലാശാല കരിക്കുലം പരിഷ്കരണത്തില്‍ നിര്‍ണായക മാറ്റം വരുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). ഇന്‍ഡസ്ട്രി ഫ്ലക്സി കരിക്കുലം പരിഷ്കരണത്തിലാണ് സര്‍വകലാശാല മാറ്റം വരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായക പങ്ക് നല്കുന്ന രീതിയിലാണ് പുതിയ പരിഷ്കരണങ്ങള്‍ നടപ്പാക്കിയത്. വ്യവസായ-സാങ്കേതിക മേഖലകളിലെ മാറ്റങ്ങള്‍ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കുസാറ്റ് നടപ്പാക്കുന്ന ഇന്‍ഡസ്ട്രി ഫ്ലക്സി കരിക്കുലം പരിഷ്കരണത്തില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ണായക പങ്ക് നല്‍കും. ഓരോ ഡിപ്പാര്‍ട്ട്മെൻ്റിലും വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ട്മെന്റ് കരിക്കുലം കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനമായത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫ്ലക്സി കരിക്കുലം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഓരോ പഠന വകുപ്പിലെയും പാഠ്യപദ്ധതിയുടെ 20 ശതമാനം ഫ്ലക്സി കരിക്കുലത്തിന്റെ ഭാഗമാക്കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വകുപ്പിലെ എല്ലാ അധ്യാപകരും തെരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ വിദ്യാര്‍ത്ഥികളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ഡിപ്പാര്‍ട്ട്മെന്റ് കരിക്കുലം കമ്മിറ്റിയുടെ ഭാഗമാകും. ഓരോ സെമസ്റ്ററിലും ഫ്ലക്സി കരിക്കുലത്തിന്റെ ഭാഗമാക്കേണ്ട 20 ശതമാനം പഠനവിഷയങ്ങള്‍ അതത് ഡിപ്പാര്‍ട്ട്മെന്റ് കരിക്കുലം കമ്മിറ്റിക്ക് തീരുമാനിക്കാം. വകുപ്പുകളില്‍ നടക്കുന്ന പ്രസക്തമായ ഗവേഷണങ്ങളും ഗവേഷണ പ്രബന്ധങ്ങളിലെ പുതിയ കണ്ടെത്തലുകളും ആവശ്യാനുസരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ഇതിലൂടെ സാധിക്കും. വ്യവസായ, വാണിജ്യ, ഐ ടി മേഖലകളില്‍ അതിവേഗം ഉണ്ടാകുന്ന മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും അതത് കാലയളവില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നതാണ് ഫ്ലക്സി കരിക്കുലത്തിന്റെ പ്രധാന സവിശേഷത. പരമ്പരാഗത പാഠ്യപദ്ധതി പരിഷ്കരണത്തിനായി ദീര്‍ഘകാലം കാത്തിരിക്കാതെ തൊഴില്‍മേഖലയുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പഠനവിഷയങ്ങളില്‍ മാറ്റം വരുത്താനും പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ഇതിലൂടെ വകുപ്പുകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഫ്ലക്സിബിള്‍ കരിക്കുലം സംവിധാനം നടപ്പാക്കുന്നത്.
നിര്‍ദ്ദിഷ്ട മാതൃകപ്രകാരം സിലബസിന്റെ 80 ശതമാനം പഠന ബോര്‍ഡ് നിര്‍ദേശിക്കുന്ന കോര്‍ കരിക്കുലവും ശേഷിക്കുന്ന 20 ശതമാനം ഫ്ലക്സിബിള്‍ കരിക്കുലം ഘടകവുമായിരിക്കും. കോര്‍ കരിക്കുലം അക്കാദമിക് നിലവാരവും നിയമപരമായ ആവശ്യകതകളും ഉറപ്പാക്കുമ്പോള്‍, ഫ്ലക്സിബിള്‍ ഘടകം കാലാനുസൃതമായി പരിഷ്കരിച്ച് പുതിയ സാങ്കേതികവിദ്യകള്‍, ഗവേഷണ കണ്ടെത്തലുകള്‍, അന്തര്‍വിഷയ വിഷയങ്ങള്‍, വ്യാവസായിക രീതികള്‍, കേസ് സ്റ്റഡികള്‍, സമകാലിക വികസനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ കഴിയും.
ഫ്ലക്സിബിള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ കണ്ടെത്തുന്നതിനും പാഠ്യപദ്ധതി പരിഷ്കരണത്തിന് അംഗീകാരം നല്കുന്നതിനുമുള്ള നടപടികള്‍ സുതാര്യമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വികസനങ്ങളും ഉയര്‍ന്നുവരുന്ന വിഷയമേഖലകളും കണ്ടെത്തി ഫ്ലക്സിബിള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യവസായ വിദഗ്ധര്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, വ്യവസായ വിദഗ്ധര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പഠനവും ഗവേഷണവും വ്യവസായമേഖലയുടെ മാറുന്ന ആവശ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പുതിയ കരിക്കുലം സംവിധാനത്തിലൂടെ കുസാറ്റ് ലക്ഷ്യമിടുന്നത്.
Content Highlights: Cochin University of Science and Technology (CUSAT) has made changes to its curriculum reform process. Under the revised approach, students will play a key role in shaping the university’s curriculum.