വിമാന യാത്രാ തടസ്സങ്ങൾക്ക് ഇനി കനത്ത പിഴ; യാത്രക്കാരുടെ സംരക്ഷണത്തിന് പുതിയ ഉത്തരവിറക്കി ഒമാൻ

യാത്രക്കാരുടെ ലഗേജുകൾ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താലും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാകും.

വിമാന യാത്രാ തടസ്സങ്ങൾക്ക് ഇനി കനത്ത പിഴ; യാത്രക്കാരുടെ സംരക്ഷണത്തിന് പുതിയ ഉത്തരവിറക്കി ഒമാൻ
dot image

ഒമാനിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാന സർവീസുകൾക്കും ഒമാനി എയർലൈൻ വഴി രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങൾക്കും പുതിയ യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമവുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനങ്ങൾ വൈകുകയോ, റദ്ദാക്കുകയോ, ഓവർബുക്കിങ് കാരണം ബോർഡിങ് തടയുകയോ ചെയ്താൽ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങളും നൽകാൻ ഇനിമുതൽ എയർലൈനുകൾ ബാധ്യസ്ഥരായിരിക്കും. ഒമാനിലെ ആഭ്യന്തര വിമാന സർവീസുകൾക്കും ഈ പുതിയ ചട്ടം ബാധകമാണ്. വിമാനങ്ങളുടെ മുൻകൂട്ടി അറിയിപ്പില്ലാത്ത സമയമാറ്റവും മറ്റ് യാത്രാ തടസ്സങ്ങളും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം, വിമാനം രണ്ട് മണിക്കൂർ വൈകിയാൽ യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയങ്ങളും നൽകണം. മൂന്ന് മണിക്കൂർ വൈകിയാൽ പ്രധാന ഭക്ഷണവും ആറ് മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഹോട്ടൽ താമസവും എയർപോർട്ട് ട്രാൻസ്‌പോർട്ടും ഉറപ്പാക്കണം. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങളെ സർവീസ് റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുക. ഇത് നൽകാൻ വീഴ്ച വരുത്തിയാൽ എയർലൈനുകൾ സാമ്പത്തിക നഷ്ടപരിഹാരം നൽകേണ്ടി വരും. കൂടാതെ, യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയാൽ യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് 108 ഒമാനി റിയാൽ മുതൽ 260 ഒമാനി റിയാൽ വരെ നഷ്ടപരിഹാരമായി നൽകണം.

യാത്രക്കാരുടെ ലഗേജുകൾ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താലും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാകും. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും അടിയന്തര ചെലവുകൾക്കായി പരമാവധി 680 ഒമാനി റിയാൽ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് തിരികെ ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കി നിശ്ചിത നഷ്ടപരിഹാരം നൽകണം. ഇനി ഓവർബുക്കിങ് മൂലം യാത്ര തടസ്സപ്പെട്ടാൽ പകരം യാത്രാസൗകര്യമോ, യാത്ര വേണ്ടെന്നുവെക്കുകയാണെങ്കിൽ ടിക്കറ്റ് തുകയും ടിക്കറ്റ് മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരവും എയർലൈനുകൾ നൽകേണ്ടതുണ്ട്.

യാത്രക്കാർ നൽകുന്ന പരാതികളിൽ 15 പ്രവൃത്തിദിവസങ്ങൾക്കകം എയർലൈനുകൾ മറുപടി നൽകണം. നടപടിയുണ്ടാകാത്ത പക്ഷം ഉപഭോക്താക്കൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിയെ നേരിട്ട് സമീപിക്കാം. മോശം കാലാവസ്ഥ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിൽ എയർലൈനുകൾക്ക് ഇളവുണ്ടെങ്കിലും യാത്രക്കാർക്ക് മൂന്ന് ദിവസം വരെ ഭക്ഷണവും താമസസൗകര്യവും സൗജന്യമായി നൽകണം. അതേസമയം, വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന മറ്റ് രാജ്യങ്ങളുടെ എയർലൈനുകൾക്ക് അവ പുറപ്പെടുന്ന രാജ്യത്തെ നിയമങ്ങളായിരിക്കും ബാധകം. ഒരു കാരണത്തിന് ഒരിടത്തുനിന്ന് ആനുകൂല്യം ലഭിച്ചാൽ അതേ കാര്യത്തിന് ഈ നിയമപ്രകാരം വീണ്ടും നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Oman has introduced new measures to protect air passengers from flight disruptions. The regulations include significant penalties and aim to improve passenger rights, service standards and accountability within the aviation sector.

dot image
To advertise here,contact us
dot image