ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ നിയമങ്ങളുമായി ഒമാൻ; 100 റിയാൽ വരെ മാത്രം നികുതി ഇളവ്

ഓൺലൈൻ വഴി വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യപരമായ ലക്ഷ്യത്തോടെ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടയാൻ കൂടിയാണ് ഈ നടപടി.

ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ നിയമങ്ങളുമായി ഒമാൻ; 100 റിയാൽ വരെ മാത്രം നികുതി ഇളവ്
dot image

ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കായി പുതിയ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് ഒമാൻ. വിദേശങ്ങളിൽ നിന്ന് ഓൺലൈനായി വാങ്ങുന്ന ഡ്യൂട്ടി-ഫ്രീ വ്യക്തിഗത പാഴ്‌സലുകൾക്കും തപാൽ കയറ്റുമതികൾക്കും 100 ഒമാനി റിയാൽ പരിധിയായി നിശ്ചയിച്ചു. ജിസിസി കോമൺ കസ്റ്റംസ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കസ്റ്റംസ് വിഭാഗം പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, വ്യക്തിഗതവും വാണിജ്യേതരവുമായ ആവശ്യങ്ങൾക്ക് അയക്കുന്ന പാഴ്‌സലുകളുടെ ആകെ മൂല്യം 100 റിയാലിൽ കവിയാതിരുന്നാൽ മാത്രമേ കസ്റ്റംസ് തീരുവയിൽ ഇളവ് ലഭിക്കുകയുള്ളൂ. എന്നാൽ പുകയില, പുകയില ഉത്പ്പന്നങ്ങൾ എന്നിവയെ ഈ നികുതി ഇളവിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യപരമായ ലക്ഷ്യത്തോടെ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടയാൻ കൂടിയാണ് ഈ നടപടി.

അതേസമയം, യാത്രക്കാരുടെ കൂടെയുള്ള സ്വകാര്യ ബാഗേജുകൾക്കും സമ്മാനങ്ങൾക്കും 300 റിയാൽ വരെയുള്ള കസ്റ്റംസ് ഇളവുകൾ തുടർന്നും ലഭിക്കും. എന്നാൽ യാത്രക്കാർക്ക് കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ അളവിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 400 സിഗരറ്റുകൾ വരെ നികുതിയില്ലാതെ കൊണ്ടുവരാമായിരുന്നുവെങ്കിൽ പുതിയ നിയമപ്രകാരം അത് 200 ആയി കുറച്ചു.

ചാരിറ്റബിൾ സംഘടനകൾ, ഭിന്നശേഷിക്കാർക്കായി ഇറക്കുമതി ചെയ്യുന്ന പ്രത്യേക വസ്തുക്കൾ, ദുരിതാശ്വാസ സാമഗ്രികൾ, യാത്രക്കാരുടെ വ്യക്തിഗത വസ്തുക്കൾ എന്നിവയ്ക്കുള്ള ഇളവുകളും പുതിയ ചട്ടത്തിലൂടെ പരിഷ്കരിച്ചിട്ടുണ്ട്. നികുതി ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യമായ കൂടുതൽ കടുപ്പമേറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കസ്റ്റംസ് ഡയറക്ടർ ജനറലിന് പുതിയ നിയമം പൂർണ്ണ അധികാരം നൽകുന്നുണ്ട്.

Content Highlights: Oman has announced new rules for online shopping, with tax exemptions now limited to purchases valued up to 100 Omani Riyals. The updated regulations aim to streamline e-commerce transactions.

dot image
To advertise here,contact us
dot image