

ആപ്പിള്‍ ഐഫോണ്‍ 17 മോഡലുകളുടെ വില വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഫോണിന് ഡിമാന്റ് കൂടുന്നു. ഇതോടെ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഐഫോണ്‍ 17 മോഡലുകള്‍ക്ക് സ്റ്റോക്ക് കുറവ് അനുഭവപ്പെടുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മെമ്മറി ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും വില ഉയര്‍ന്നതിനെ തുടര്‍ന്ന് ആപ്പിള്‍ അടുത്തിടെ മാക്ബുക്ക്,ഐപാഡ്, സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ മോഡലുകളുടെ വില ഇതുവരെ മാറ്റമില്ലാതെ തുടരുകയാണ്. വിലപിന്നീട് ഉയരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് ഐഫോണ്‍ 17 ഇപ്പോള്‍ തന്നെ വാങ്ങാന്‍ ചില റീട്ടെയിലര്‍മാര്‍ നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആപ്പിളിന്റെ പുതിയ വില വര്‍ധനകള്‍ക്ക് ശേഷം നടത്തിയ വിപണി പരിശോധനകളില്‍ ഐഫോണ്‍17നുള്ള ആവശ്യകത നേരത്തെ തന്നെ ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്ക് ലഭ്യതയെക്കുറിച്ചും വില വര്‍ധനയുടെ സമയത്തെക്കുറിച്ചും ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ വര്‍ധിച്ചതായാണ് വിവരം.
കഴിഞ്ഞ 10 ദിവസമായി പ്രത്യേകിച്ച് ഐഫോണ്‍ 17 ബേസ് മോഡലിന്റെ പുതിയ സ്റ്റോക്ക് ലഭ്യത പരിമിതമാണെന്ന് റീട്ടെയിലര്‍മാര്‍ അറിയിച്ചു. ഇതും വാങ്ങല്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായി. റിപ്പോര്‍ട്ട് പ്രകാരം, പല ഉപഭോക്താക്കളും വിലക്കുറവിനായി ചര്‍ച്ച ചെയ്യാതെ തന്നെ ലിസ്റ്റ് ചെയ്ത വിലയ്ക്ക് ഫോണുകള്‍ വാങ്ങുകയാണ്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവ വഴി വാങ്ങാന്‍ ശ്രമിച്ച ചില ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട നിറമോ സ്റ്റോറേജ് വേരിയന്റോ ലഭിക്കാത്ത സാഹചര്യമുണ്ടായി.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐഫോണ്‍ വില്‍പ്പന ശക്തമായതായും വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം പുതിയ ബേസ് ഐഫോണ്‍ മോഡല്‍ അവതരിപ്പിക്കാതിരിക്കാനും ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണിലേക്ക് ആപ്പിള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സാധ്യതയാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണമായതെന്ന് വിലയിരുത്തുന്നു. ഒരു അനലിസ്റ്റിന്റെ കണക്കനുസരിച്ച്, ഈ പാദത്തില്‍ ഐഫോണ്‍ ഷിപ്പ്‌മെന്റുകള്‍ 35 ലക്ഷം യൂണിറ്റിന് മുകളില്‍ എത്തിയതായി കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 31 ലക്ഷം യൂണിറ്റ് ആയിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തേക്കാള്‍ ഇത്തവണ ഷിപ്പ്‌മെന്റുകള്‍ ഉയര്‍ന്നു. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലെ പ്രമോഷണല്‍ വില്‍പ്പനകളും ഷിപ്പ്‌മെന്റ് വര്‍ധനയ്ക്ക് സഹായിച്ചു.
മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ ലഭ്യത കുറയുകയും ചെലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വില വര്‍ധന ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആപ്പിളിന്റെ സിഇഒ ടിം കുക്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. ഐഫോണിന്റെ ചില താങ്ങാനാവുന്ന പദ്ധതികള്‍ ആപ്പിള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ഐഫോണ്‍ വിലയില്‍ വര്‍ധന വരുത്തിയിട്ടില്ല. എന്നാല്‍ മെമ്മറി വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഐഫോണ്‍ നിര്‍മാണ ചെലവ് ഗണ്യമായി വര്‍ധിച്ചതായി വിതരണ ശൃംഖലാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: iPhone 17 demand is rising in India as consumers rush to buy amid fears of a possible price hike, leading to limited stock availability across retail stores and online platforms