ഖത്തറിലെ ആദ്യ 'സ്മാർട്ട് പള്ളി' തുറന്നു; വൈദ്യുതിയും ജലവും ലാഭിക്കാൻ ആധുനിക സംവിധാനങ്ങൾ

ഖത്തറിന്റെ ഇസ്ലാമിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ആധുനിക വാസ്തുവിദ്യാ ശൈലിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്.

ഖത്തറിലെ ആദ്യ 'സ്മാർട്ട് പള്ളി' തുറന്നു; വൈദ്യുതിയും ജലവും ലാഭിക്കാൻ ആധുനിക സംവിധാനങ്ങൾ
dot image

അത്യാധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയും സമന്വയിപ്പിച്ചു കൊണ്ട് ഖത്തറിലെ ആദ്യത്തെ സ്മാർട്ട് പള്ളി പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ പള്ളികളുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. മുഐദർ പ്രദേശത്ത് നിർമ്മിച്ച പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി നിർവ്വഹിച്ചു.

ഏകദേശം 350 ഓളം പേർക്ക് ഒരേസമയം ഇവിടെ പ്രാർത്ഥന നടത്താനുള്ള സൗകര്യമുണ്ട്. ഇതിൽ 300 പുരുഷന്മാർക്കായുള്ള പ്രധാന പ്രാർത്ഥനാ ഹാളും 50 സ്ത്രീകൾക്കായുള്ള പ്രത്യേക പ്രാർത്ഥനാ സ്ഥലവും ഉൾപ്പെടുന്നു. ഇതിനുപുറമെ ഇമാം, മുഅദ്ദിൻ എന്നിവർക്കുള്ള താമസസൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഖത്തറിന്റെ ഇസ്ലാമിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ആധുനിക വാസ്തുവിദ്യാ ശൈലിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്.

ഊർജ്ജ-ജല ഉപഭോഗം കാര്യക്ഷമമായി നിയന്ത്രിക്കാനും വിഭവങ്ങളുടെ ദുരുപയോഗം തടയാനുമുള്ള നിരവധി സ്മാർട്ട് സാങ്കേതികവിദ്യകൾ ഈ പള്ളിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതി, ജല വിതരണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഇന്റലിജന്റ് സിസ്റ്റം, ലൈറ്റുകൾക്കും എയർ കണ്ടീഷണറുകൾക്കും ആവശ്യമായ ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കുന്ന സോളാർ പാനലുകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. പള്ളിക്ക് ചുറ്റുമുള്ള ഹരിത പ്രദേശങ്ങൾ കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ആയെദ് ബിൻ ഹസ്സൻ ജുനൈദ് അൽ ഉബൈദിയുടെ വഖഫ് ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഒപ്പം മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപ്രധാനമായ പദ്ധതികളുടെ ഭാഗമായാണ് സ്മാർട്ട് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, പരിസ്ഥിതി സൗഹൃദമായ സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights: Qatar has inaugurated its first smart mosque featuring advanced technologies focused on energy and water conservation. The facility uses modern systems to reduce resource consumption and promote sustainable operations.

dot image
To advertise here,contact us
dot image