

മസ്കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ അമിത ഫീസ് വര്‍ദ്ധനവിന് എതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കള്‍. ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ എത്തിയ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞത് ബഹളത്തിലും വാക്ക് തര്‍ക്കത്തിനും കാരണമായി. വര്‍ദ്ധിച്ച് ഫീസ് അടിയന്തരമായി പിന്‍വലിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ മുമ്പാണ് മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ നൂറോളം രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയത്. എന്നാല്‍ രക്ഷിതാക്കളെ സ്‌കൂളിനുള്ളിലേക്ക് കടത്തിവിടാതെ മാനേജ്‌മെന്റ് തടഞ്ഞു. ഇത് ഏറെ നേരം വാക്ക് തര്‍ക്കത്തിന് കാരമണമായി. പ്രതിഷോധം ശക്തമായതോടെ ചര്‍ച്ചയ്ക്ക് സ്‌കൂള്‍ അധികൃതര്‍ തയ്യാറായെങ്കിലും ഫീസ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
വര്‍ദ്ധിപ്പിച്ച സ്‌കൂള്‍ ഫീസ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പാഠപുസ്തകങ്ങളുടെ വിലയില്‍ പുനപരിശോധന വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ജോലി സുരക്ഷ പോലും ഇല്ലാത്ത അവസ്ഥയിലാണ് പല പ്രവാസികളും. അമിത ഫീസ് നിരക്ക് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നും രക്ഷിതാക്കള്‍ ചൂണ്ടികാട്ടുന്നു.
വേനല്‍ ഏറ്റവും ശക്തമാകുന്ന ജൂലൈ രണ്ടാം വാരം സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം അശാസ്ത്രീയവും വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരവുമാണെന്നും പ്രവാസികള്‍ പറയുന്നു. ഒരു പഠനവും നടത്താതെ സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ ബോര്‍ഡും അശാസ്ത്രീയമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നു എന്ന പരാതിയും ശക്തമാണ്. ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
Content Highlights: Parents protest against the fee hike at Muscat Indian School, raising concerns over the financial burden on expatriate families in Oman.