ഒമാനിൽ മഴ ശക്തമാകുന്നു; ചില മേഖലകളിൽ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായി

മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യതയും നിലനില്‍ക്കുന്നു

ഒമാനിൽ മഴ ശക്തമാകുന്നു; ചില മേഖലകളിൽ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായി
dot image

ഒമാനില്‍ മഴ ശക്തമാകുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാവാവസ്ഥാ വകുപ്പ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാന്റെ വടക്കു ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. ചില മേഖലകളില്‍ മഴക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

വരും മണിക്കൂറുകളിലും മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുസന്ദം, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബത്തിന എന്നവിടങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കുമുലോനിംബസ് മേഘങ്ങളുടെ ശക്തമായ സാന്നിധ്യമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.

മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യതയും നിലനില്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റും ശക്തമാകും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 28 മുതല്‍ 46 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളക്കെട്ടുള്ള മേഖലകളില്‍ നിന്നും അകലം പാലിക്കണം. വാദികള്‍ മുറിച്ചുകടക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉളള സമയങ്ങളില്‍ കടലില്‍ പോകുന്നതും ഒഴിവാക്കണം. സുരക്ഷാ നടപടികളുടെ ഭാഗമായി ബൗഷര്‍ - അമറാത്ത് റോഡ് താല്‍ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനമോടിക്കുന്നവര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും അധികൃകതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ പിന്‍തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

Content Highlights: Rain has intensified across Oman, with several regions experiencing thunderstorms and hail. Authorities have issued weather alerts as severe conditions may impact normal life. Residents are advised to remain cautious due to lightning risks and possible disruptions caused by heavy rainfall.

dot image
To advertise here,contact us
dot image