

വിമാനയാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കരുതിയ കേന്ദ്ര സർക്കാരിന്റെ പരിഷ്കാരം തിരിച്ചടിയാകുന്നു. വിമാനങ്ങളിലെ 60 ശതമാനം സീറ്റുകളെങ്കിലും യാത്രക്കാർക്ക് സൗജന്യമായി തിരഞ്ഞെടുക്കാൻ നൽകണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി വമ്പൻ വിമാനക്കമ്പനികൾ രംഗത്തെത്തി. നിയമം നടപ്പാക്കിയാൽ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടിവരുമെന്നാണ് കമ്പനികളുടെ മുന്നറിയിപ്പ്.

എന്താണ് ഈ 60% നിയമം?
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിൻഡോ സീറ്റിനും മുൻനിര സീറ്റുകൾക്കും കമ്പനികൾ അധിക തുക ഈടാക്കാറുണ്ട്. ഇതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്, വിമാനത്തിലെ ഭൂരിഭാഗം സീറ്റുകളും അധിക പണമീടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്നാണ് സർക്കാർ നിർദേശിച്ചത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കാൻ ഇത് സഹായിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
വരുമാനം കുറയും
സീറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം നഷ്ടപ്പെടുന്നത് തങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് എയർലൈനുകൾ പറയുന്നു. വരുമാനത്തിലുണ്ടാകുന്ന കുറവ് നികത്താൻ അടിസ്ഥാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഇവരുടെ വാദം. സീറ്റിന് പണം നൽകേണ്ടി വന്നില്ലെങ്കിലും മൊത്തത്തിലുള്ള ടിക്കറ്റ് ചാർജ് കൂടുമെന്നർഥം.
വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചാൽ അത് സാധാരണക്കാരായ യാത്രക്കാരെയാണ് ഏറ്റവുമധികം ബാധിക്കുക. സൗജന്യ സീറ്റുകൾക്കായി യാത്രക്കാർക്കിടയിൽ വലിയ മത്സരം ഉണ്ടായേക്കാം. വിമാനക്കമ്പനികൾക്ക് വരുമാനം കുറയുന്നത് സർവീസുകളുടെ നിലവാരത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.
Content Highlights: Airlines have opposed the government’s 60 per cent free seat selection rule, warning of higher airfare