പശ്ചിമേഷ്യൻ സംഘർഷം; ഒമാൻ സുൽത്താനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാന്‍ ഒമാന്‍ നടത്തുന്ന പരിശ്രമങ്ങളെയും മോദി അഭിനന്ദിച്ചു

പശ്ചിമേഷ്യൻ സംഘർഷം; ഒമാൻ സുൽത്താനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം മോദി ചൂണ്ടികാട്ടി. ഒമാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുണ്ടായ ലംഘനങ്ങളെ ശക്തമായി അപലപിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാന്‍ ഒമാന്‍ നടത്തുന്ന പരിശ്രമങ്ങളെയും മോദി അഭിനന്ദിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പല്‍ ഗതാഗതത്തിനായി ഇന്ത്യയും ഒമാനും ഒരുമിച്ച് നില്‍ക്കുന്നതായി മോദി പിന്നീട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹുവുമായും പ്രധാനമന്ത്രി നേരത്തെ ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു.

അതിനിടെ തുടര്‍ച്ചയായ 20-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ മേഖലയിലുണ്ടായ ആക്രമണത്തില്‍ എല്‍എന്‍ജി സംവിധാനം തകര്‍ന്നു. ആക്രമണങ്ങള്‍ക്ക് പിന്നാലെ ഖത്തറിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി. കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി. സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിക്കാവന്‍ ഇറാന്‍ തയ്യാറാകണമെന്ന് ഇസ്ലാമിക്-അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ഇറാന്റെ സൗത്ത് പാര്‍സ് വാതക പാടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വ്യവസായ മേഖലകളില്‍ ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പ്പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയെ ആണ് ഇറാന്‍ പ്രധാനമായും ലക്ഷ്യം വച്ചത്. ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്ര പ്രധാന മേഖലയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നാലെ
ഖത്തറിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി.

കുവൈറ്റിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലകളായ മിന അല്‍-അഹ്‌മദി, അബ്ദുള്ള പോര്‍ട്ട് എന്നിവയ്ക്ക് നേരെയും ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ റിഫൈനറികളിലെ പ്രവര്‍ത്തന യൂണിറ്റുകളില്‍ നേരിയ തീപിടുത്തമുണ്ടായതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പ്രവാസികള്‍ക്ക് പരിക്കേറ്റു.

ഏഴ് മിസൈലുകളും 15 ഡ്രോണുകളും ഇന്ന് നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകാണമെന്ന് 12 അറബ്, ഇസ്ലാമിക് രാജ്യങ്ങള്‍ പങ്കെടുത്ത യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ആഘാതം കണക്കു കൂട്ടുന്നതില്‍ യുദ്ധം തുടങ്ങിയവര്‍ക്ക് പിഴവുണ്ടായെന്നും അമേരിക്കയും ഇസ്രയേലും ആഗ്രഹിച്ചത് നേടാന്‍ സാധ്യതയില്ലെന്നുമായിരുന്നു യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഒമാന്റെ പ്രതികരണം.

Content Highlights: Prime Minister Narendra Modi held a crucial discussion with the Sultan of Oman regarding the ongoing West Asia conflict. The talks focused on regional stability, security concerns, and strengthening diplomatic cooperation between India and Oman amid rising tensions.

dot image
To advertise here,contact us
dot image