ദുബായിക്കും സലാലക്കും ഇടയിൽ നേരിട്ടുള്ള സർവീസ്; പ്രഖ്യാപനവുമായി ഒമാൻ എയർ

യുഎഇയിലെയും ഒമാനിലെയും യാത്രക്കാര്‍ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ഗുണകരമാകുന്നതാണ് പുതിയ സര്‍വീസ്

ദുബായിക്കും സലാലക്കും ഇടയിൽ നേരിട്ടുള്ള സർവീസ്; പ്രഖ്യാപനവുമായി ഒമാൻ എയർ
dot image

ദുബായിക്കും ഒമാനിലെ സലാലക്കും ഇടയില്‍ നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ജൂലൈ മൂന്ന് മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും. ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് എന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി. ഒമാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സലാലക്കും ദുബായിക്കും ഇടയിലുളള യാത്ര കൂടുതല്‍ എളുപ്പമാകുന്ന പ്രഖ്യാപനമാണ് ഒമാന്‍ എയര്‍ നടത്തിയിരിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാവും ഉണ്ടാവുക.

യുഎഇയിലെയും ഒമാനിലെയും യാത്രക്കാര്‍ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ഗുണകരമാകുന്നതാണ് പുതിയ സര്‍വീസ്. ജൂലൈ മൂന്നിന് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നാളെ മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം ദോഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള വ്യോമ കണക്ടിവിറ്റിയും കൂടുതല്‍ ശക്തമാകും.

എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ഖരീഫ് സീസണില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് യുഎഇയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സലാലയിലെത്തുന്നത്. സലാലയ്ക്കും ദുബായിക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ സര്‍വീസിന് ഒമാന്‍ എയര്‍ തുടക്കം കുറിക്കുന്നത്. ജിസിസിയിലുടനീളമുള്ള ആഭ്യന്തര കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഇടനാഴികള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോണ്‍ കോര്‍ഫിയാറ്റിസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സലാലയിലേക്കുള്ള സീറ്റുകളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമാന്റെ സാമ്പത്തിക-ടൂറിസം മേഖലയിലും വലിയ പുരോഗതിക്ക് സര്‍വീസ് കാരണമാകുമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മോസ്‌കോയ്ക്കും സലാലയ്ക്കും ഇടയില്‍ ചാര്‍ട്ടര്‍ സര്‍വീസുകളും അടുത്തിടെ ഒമാന്‍ എയര്‍ ആരംഭിച്ചിരുന്നു. വരും മാസങ്ങളില്‍ റമദാന്‍ ഉള്‍പ്പെടെയുള്ള സീസണുകളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ വിപുലീകരിക്കാനും ഒമാന്‍ എയറിന് പദ്ധതിയുണ്ട്.

Content Highlights: Oman Air has announced a new direct flight service between Dubai and Salalah, starting July 3, 2026. The airline will operate three weekly flights, aiming to boost tourism and economic growth in the Dhofar region

dot image
To advertise here,contact us
dot image